കൊല്ലം: 1957 മുതൽ കൃത്യമായ രാഷ്ട്രീയ ചലനം പ്രതിഫലിപ്പിച്ചിരുന്ന കുന്നത്തൂർ മണ്ഡലം ഇന്ന് നിർണായകമായ ഒരു ഘട്ടത്തിലാണ്. കോൺഗ്രസും ആർ.എസ്.പിയും മാറിമാറി പൊരുതിയെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോവൂർ കുഞ്ഞുമോന്റെ കരുത്തിലാണ് ഇടതുപക്ഷം നിലയുറപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമായ കുന്നത്തൂർ വീണ്ടുമൊരു രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുമ്പോൾ ഉറ്റുനോക്കുന്നത് പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ചരിത്രത്തിലേക്കും മണ്ഡലം നേരിടുന്ന വികസന മുരടിപ്പിലേക്കുമാണ്.
ബി.ജെ.പി വോട്ട് വിഹിതം വർദ്ധിപ്പിക്കുന്നത് ത്രികോണ മത്സരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും, വോട്ടുചോർച്ച തടയാനുള്ള നെട്ടോട്ടത്തിലാണ് പ്രധാന മുന്നണികൾ.
കഴിഞ്ഞ നാല് പതിറ്റാണ്ടായി ആർ.എസ്.പിക്ക് വലിയ സ്വാധീനമുള്ള ഇവിടെ, 2001 മുതൽ കോവൂർ കുഞ്ഞുമോൻ എന്ന വ്യക്തിഗത സ്വാധീനത്തിലാണ് മണ്ഡലം ചലിക്കുന്നത്. ആർ.എസ്.പി യു.ഡി.എഫിലേക്ക് മാറിയതോടെ, ആർ.എസ്.പി (ലെനിനിസ്റ്റ്) രൂപീകരിച്ച് എൽ.ഡി.എഫിനൊപ്പം നിന്ന കുഞ്ഞുമോൻ 2016ലും 2021ലും വിജയം ആവർത്തിച്ചു. എന്നാൽ, 2016ൽ 20529 വോട്ടിന്റെ വൻ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ 2021ൽ കേവലം 2790 വോട്ടുകളായി ചുരുങ്ങിയത് ഇടത് ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
പോരുവഴി, കുന്നത്തൂർ അടക്കമുള്ള പഞ്ചായത്തുകളിൽ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായി മാറിയെങ്കിലും 2016ൽ ബി.ഡി.ജെ.എസ് പ്രതിനിധി നേടിയ വോട്ടുകൾ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥിക്ക് നിലനിറുത്താനായില്ല. കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, കുന്നത്തൂർ, ശൂരനാട് തെക്ക്, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകളും കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും ചേരുന്നതാണ് മണ്ഡലം.
തുടർച്ചയായ വിജയങ്ങൾ ആഘോഷിക്കുമ്പോഴും, ഭൂരിപക്ഷത്തിലുണ്ടായ വലിയ ഇടിവ് ഇടത് ക്യാമ്പിനെ ചിന്തിപ്പിക്കുന്നുണ്ട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ, മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം, കല്ലടയാറ്റിലെ പാലം നിർമ്മാണത്തിലെ അനിശ്ചിതത്വം, കശുഅണ്ടി വ്യവസായ മേഖലയുടെ തകർച്ച, കൂടാതെ മൺറോത്തുരുത്തിലെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താത്തതും തടാക സംരക്ഷണ പദ്ധതികളുടെ അഭാവവും തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇത്തവണ മുന്നണികൾ വോട്ട് തേടുന്നത്. മുൻവർഷങ്ങളിലെ അതേ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും ഏറ്റുമുട്ടുമ്പോൾ, കുന്നത്തൂരിലെ വോട്ടർമാർ ആർക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്.
കോവൂർ കുഞ്ഞുമോൻ
പ്രമുഖ ഇടതുപക്ഷ നേതാവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കോവൂർ കുഞ്ഞുമോൻ. നിലവിൽ ആർ.എസ്.പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലാണ്. 2001ലും 2006ലും 2011ലും 2016ലും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഉല്ലാസ് കോവൂർ
ഉല്ലാസ് കോവൂരിന്റെ മൂന്നാമത്തെ അങ്കമാണിത്. രണ്ട് തവണയും പരാജയപ്പെട്ടത് കോവൂർ കുഞ്ഞുമോനോട് തന്നെയാണ്. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഉല്ലാസ് കോവൂർ.
രാജി പ്രസാദ്
ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കൂടിയായ രാജി പ്രസാദിന്റെ കുന്നത്തൂരിലെ രണ്ടാം അങ്കമാണിത്. 2021ൽ ഇവിടെ മത്സരിച്ചിരുന്നു. 2016ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലും 2020ൽ കല്ലുവാതുക്കൽ ജില്ല പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. 2005-10 കാലഘട്ടത്തിൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |