SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.48 AM IST

ഇരവിപുരത്തിന്റെ മനസിൽ ഇരമ്പൽ

Increase Font Size Decrease Font Size Print Page

കൊല്ലം: വികസന ചർച്ചകൾക്കും സംഘടനാ കരുത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ജില്ലയിലെ തീരദേശ മണ്ഡലമായ ഇരവിപുരത്ത് തിരഞ്ഞെടുപ്പ് ആവേശം ഇരമ്പുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകാറുള്ള മണ്ഡലം കൂടിയാണിത്. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും സംഘടനാ കരുത്തും ഇത്തവണയും നിർണായകമാകും.

​നഗരവത്കരണത്തിന്റെ ഭാഗമായുള്ള റോഡ് വികസനം, ഓടകളിലെ വെള്ളക്കെട്ട്, മാലിന്യ നിർമ്മാർജനം, കുടിവെള്ള വിതരണം തുടങ്ങിയവ സജീവ ചർച്ചാവിഷയങ്ങളാണ്. ജനപ്രതിനിധികളുടെ പ്രതിച്ഛായയും പ്രശ്നപരിഹാരത്തിനുള്ള താല്പര്യവുമാണ് വോട്ടിംഗ് രീതിയെ സ്വാധീനിക്കുക. തീരദേശത്തെ കടലാക്രമണവും ഉൾനാടൻ വാർഡുകളിലെ അടിസ്ഥാന സൗകര്യ വികസനവും ചർച്ചയായിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും മുതൽ മദ്ധ്യവർഗ കുടുംബങ്ങൾ വരെ ഉൾപ്പെടുന്ന മണ്ഡലത്തിൽ നടത്തിയ സേവനങ്ങളും ക്ഷേമ പദ്ധതികളും നിർണായകമാണ്. 2021ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.നൗഷാദ് 28121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർ.എസ്.പിയിലെ ബാബു ദിവാകരനെ പരാജയപ്പെടുത്തിയത്.
കൊല്ലം കോർപ്പറേഷനിലെ 24 ഡിവിഷനുകളും മയ്യനാട് പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം മണ്ഡലം. കോർപ്പറേഷനിലെ 13 ഡിവിഷനുകളും മയ്യനാട് പഞ്ചായത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. പഞ്ചായത്ത് രൂപീകൃതമായ നാൾ മുതൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന മയ്യനാട് 2025 ൽ ഭരണം നഷ്ടമായി. ​ ബി.ജെ.പി സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഇടതുപക്ഷത്തിന്റെ സംഘടനാ കരുത്തും യു.ഡി.എഫിന്റെ പാരമ്പര്യവും തമ്മിലുള്ള പോരാട്ടമാണ് ഇരവിപുരത്തിന്റെ രാഷ്ട്രീയ സ്വത്വം നിശ്ചയിക്കുന്നത്.

​ചരിത്രം ആവർത്തിക്കുമോ, മാറുമോ?
​1977ൽ രൂപീകൃതമായ നാൾ മുതൽ ആർ.എസ്.പിയുടെ കുത്തകയായിരുന്നു ഇരവിപുരം. ആർ.എസ്.പിയുടെ മുതിർന്ന നേതാവ് ആർ.എസ്. ഉണ്ണി മണ്ഡലത്തിൽ നിന്ന് ഹാട്രിക് വിജയം നേടി. 1991ൽ മുസ്ലിം ലീഗിലെ പി.കെ.കെ.ബാവയിലൂടെ യു.ഡി.എഫ് അട്ടിമറി വിജയം നേടിയെങ്കിലും പിന്നീട് ആർ.എസ്.പി മണ്ഡലം തിരിച്ചുപിടിച്ചു. 2001ൽ എ.എ.അസീസ് വെറും 8 വോട്ടുകൾക്ക് വിജയിച്ചത് മണ്ഡലത്തിലെ ഓരോ വോട്ടിന്റെയും വില വ്യക്തമാക്കുന്നു. 2016ൽ ആർ.എസ്.പി മുന്നണി മാറിയതോടെ സി.പി.എമ്മിലെ എം.നൗഷാദ് മണ്ഡലം ഇടതുപക്ഷത്തിന് അനുകൂലമാക്കി.

എം.നൗഷാദ് (എൽ.ഡി.എഫ്)

ഇരവിപുരത്ത് ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് എം.നൗഷാദ് ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്. 1995ൽ വടക്കേവിള പഞ്ചായത്ത് വൈസ് പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, കൊല്ലം കോർപ്പറേഷൻ കൗൺസിലർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഡെപ്യുട്ടി മേയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016ലും 2021ലും ഇരവിപുരത്ത് നിന്ന് നിയമസഭയിലേക്ക്. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന വഖഫ് ബോർഡ് ഡയറക്ടറുമാണ്.

അഡ്വ. വിഷ്ണുമോഹൻ (യു.ഡി.എഫ്)

ആർ.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണുമോഹൻ. പി.എസ്.യു മുൻ സംസ്ഥാന സെക്രട്ടറിയാണ്. കൊല്ലം ബാറിലെ അഭിഭാഷകൻ. നേരത്തെ ആലാട്ടുകാവിൽ നിന്ന് കോർപ്പറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാണ്.

സജി.ഡി.ആനന്ദ് (ബി.ജെ.പി)

എൻ.ഡി.എ സ്ഥാനാർത്ഥിയായ സജി.ഡി.ആനന്ദ് ആർ.എസ്.പി സംസ്ഥാന സമിതിയംഗം, കശുഅണ്ടി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, യു.ടി.യു.സി ദേശീയ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ആർ.എസ്.പി വിട്ട അദ്ദേഹം കഴിഞ്ഞ ദിവസമാണ് ബി.ഡി.ജെ.എസിൽ ചേർന്നത്. കശുവണ്ടി കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗത്വവും രാജിവച്ചിരുന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.