
കൊല്ലം: അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാതപമേറ്റുള്ള പൊള്ളലിന് സാദ്ധ്യത. കഴിഞ്ഞദിവസം വീടിന് സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന 13 കാരന് സൂര്യാതപമേറ്റു. കരിക്കോട് പുലരിനഗർ സ്വദേശിയായ ഷാരോണിനാണ് മുതുകിൽ പൊള്ളലേറ്റത്. പൊള്ളുന്ന പോലെ തോന്നിയെങ്കിലും ആദ്യം കാര്യമാക്കിയില്ല. വീട്ടിലെത്തിയപ്പോഴേക്കും നീറ്റൽ അനുഭവപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് തൊലിപ്പുറത്ത് കുമിളകൾ പ്രത്യക്ഷപ്പെട്ടത്.
സൂര്യാതപം, സൂര്യാഘാതം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സ ഉറപ്പാക്കണം. വെള്ളം കുറച്ച് കുടിക്കുന്നവർ, വെയിലത്തും തുറസായ സ്ഥലങ്ങളിലും പണിയെടുക്കുന്നവർ, മദ്യപാനികൾ എന്നിവരിൽ അപകട സാദ്ധ്യത കൂടുതലാണ്. അസ്വസ്ഥത അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലിചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
2 മുതൽ 3 ഡിഗ്രി സെൽഷ്യസ് ഉയരാം
സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്.
സൂര്യാതപം
സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം
കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ ശരീര ഭാഗങ്ങൾ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും
ഉടൻ ചികിത്സ തേടണം
കുമിളകൾ പൊട്ടിക്കാൻ പാടില്ല
ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനം, ഛർദ്ദി, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടും മഞ്ഞനിറം ആവുക, ബോധക്ഷയം
സൂര്യാഘാതം
വളരെ ഉയർന്ന ശരീരതാപം
വറ്റിവരണ്ട ചുവന്നുചൂടായ ശരീരം
ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ഓക്കാനം, ചെറിയ തലകറക്കം, സാധാരണയിലധികമായി വിയർക്കുക
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്ട് ഡ്രിങ്കുകൾ ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |