കൊല്ലം: കൂട്ടുകാരിക്ക് കിൻഡർ ജോയ് മിഠായി വാങ്ങി നൽകിയെന്ന വൈരാഗ്യത്തിൽ പതിനാറുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി, പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ചു. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് ആക്രമിച്ചത്. മങ്ങാട് സ്വദേശികളായ ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ കിളികൊല്ലൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 27ന് രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരാതിക്കാരന്റെ മകൻ പ്രതിയുടെ സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികൾ പെൺകുട്ടിയുടെ ഫോണിൽ നിന്ന്, സിനിമ കാണാൻ പോകാം എന്ന് വിശ്വസിപ്പിച്ച് കുട്ടിയെ വിളിച്ചുവരുത്തി ഇവർ താമസിക്കുന്ന വീടിന് മുൻവശത്ത് വച്ച് അക്രമിക്കുകയായിരുന്നു.
മിഠായി വാങ്ങി നൽകാൻ നീ ആരാടാ എന്ന് ചോദിച്ചുകൊണ്ട് ഒന്നാം പ്രതി കുട്ടിയെ ചവിട്ടി വീഴ്ത്തുകയും തുടർന്ന് കൈവശം കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കുട്ടിയുടെ ഇടത് വാരിയെല്ലിന് താഴെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |