കൊല്ലം: സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും നാടൻ കാർഷിക ഉത്പന്നങ്ങളും പൂക്കളും ഓണക്കാലത്ത് പ്രാദേശികമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓണക്കനി-നിറപൊലിമ’ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു.
ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിലാകെ 928 ഏക്കറിലാണ് കൃഷി വ്യാപിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 11 ബ്ലോക്കുകളിലായി 3651 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ നേതൃത്വത്തിലും 68 സി.ഡി.എസ്.കളുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഓണക്കാലത്ത് വർദ്ധിച്ചുവരുന്ന വിപണി ആവശ്യകത പരിഗണിച്ച് പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, ഏത്തവാഴ ഉൾപ്പടെയുള്ള പഴവർഗങ്ങൾ, പൂക്കൾ എന്നിവയുടെ കൃഷിക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
കുടുംബശ്രീ വനിത കർഷകരുടെ കൂട്ടായ പരിശ്രമത്തിലൂടെ പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങൾക്ക് അധിക വരുമാനവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1095 ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 360 ഏക്കറിലാണ് കിഴങ്ങുവർഗ കൃഷി പുരോഗമിക്കുന്നത്. ഏത്തവാഴ ഉൾപ്പടെയുള്ള പഴവർഗ കൃഷി 985 ജെ.എൽ.ജി ഗ്രൂപ്പുകൾ ചേർന്ന് 311 ഏക്കറിൽ നടത്തിവരുന്നു.
പച്ചക്കറി കൃഷിയിൽ 974 ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 155 ഏക്കറിലാണ് കൃഷി വ്യാപിപ്പിച്ചിരിക്കുന്നത്. അടുക്കളത്തോട്ടങ്ങളും തരിശുഭൂമികളും പ്രയോജനപ്പെടുത്തിയാണ് കൃഷി. പൂകൃഷി രംഗത്ത് ഓണപ്പൂക്കളത്തിന് ആവശ്യമായ പൂക്കൾ ജില്ലയിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 597 ഗ്രൂപ്പുകൾ 102.65 ഏക്കറിൽ പൂകൃഷി നടത്തുന്നുണ്ട്.
ഓണക്കാലത്ത് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉപഭോക്താക്കൾക്ക് ന്യായവിലയിൽ സുരക്ഷിത കാർഷിക ഉത്പന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിനായി ജില്ലയിലുടനീളം പ്രത്യേക വിപണനമേളകളും കുടുംബശ്രീ സംഘടിപ്പിക്കും.
മുന്നിൽ ശാസ്താംകോട്ട, കൊട്ടാരക്കര
ജില്ലയിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷി പുരോഗമിക്കുന്നത് ശാസ്താംകോട്ട, കൊട്ടാരക്കര ബ്ലോക്കുകളിലാണ്. ശാസ്താംകോട്ടയിൽ 523 ജെ.എൽ.ജി ഗ്രൂപ്പുകൾ 129 ഏക്കറിലും, കൊട്ടാരക്കരയിൽ 463 ഗ്രൂപ്പുകൾ 128 ഏക്കറിലും കൃഷി ചെയ്യുന്നുണ്ട്. അഞ്ചൽ (105 ഏക്കർ), ചടയമംഗലം (104 ഏക്കർ), ഇട്ടിക്കര (102 ഏക്കർ), പത്തനാപുരം (86 ഏക്കർ), ചിറ്റുമല (82 ഏക്കർ), വെട്ടിക്കവല (79 ഏക്കർ), ഓച്ചിറ (55 ഏക്കർ), ചവറ (32 ഏക്കർ), മുഖത്തല (26 ഏക്കർ) എന്നീ ബ്ലോക്കുകളിലും വനിതാ ജെ.എൽ.ജി ഗ്രൂപ്പുകളുടെ സജീവ പങ്കാളിത്തത്തോടെ കൃഷി പുരോഗമിക്കുകയാണ്.
തരിശുഭൂമികൾ ഫലപ്രദമായി കൃഷിയോഗ്യമാക്കി ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വനിത കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |