കുളത്തൂപ്പുഴ: അരിപ്പയിലെ ഭൂസമരക്കാർക്ക് മുൻ സർക്കാർ വിതരണം ചെയ്ത പട്ടയഭൂമിയുടെ രേഖകൾ റവന്യു വകുപ്പിനോട് വനംവകുപ്പ് ആവശ്യപ്പെട്ട് രണ്ടുമാസം പിന്നിട്ടിട്ടും മറുപടിയില്ല. അതിർത്തി വ്യക്തമാക്കുന്ന സ്കെച്ചും ഭൂമിയെ വനഭൂമിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതുമായി (ഡി-റിസർവ്) ബന്ധപ്പെട്ട സർക്കാർ ഉത്തരവും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിക്കാത്തതിനാൽ പട്ടയഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളും മരംമുറിയും താത്കാലികമായി തടഞ്ഞ് വനം വകുപ്പ് നോട്ടീസ് നൽകി. ഇതോടെ ഇവിടെ വീട് വയ്ക്കാമെന്ന സമരക്കാരുടെ പ്രതീക്ഷ ആശങ്കയിലായി.
1944ൽ സർക്കാർ കശുഅണ്ടി കൃഷിക്കായി സ്വകാര്യ വ്യക്തിക്ക് കുത്തകയാായി നൽകിയ ഭൂമിയാണിത്. 1956ൽ സംസ്ഥാന പുനഃസംഘടനയ്ക്കുശേഷം ഭൂമി റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലായി. കുത്തക അവസാനിച്ചതിനെ തുടർന്ന് ഭൂമി സർക്കാർ തിരിച്ചെടുത്തു. 2009ൽ ഇതിൽ നിന്ന് 13 ഏക്കർ ഡോ. അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂളിനായി മാറ്റിവച്ചു. 2012ലാണ് റവന്യു ഭൂമി ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യണമെന്ന ആവശ്യവുമായി അരിപ്പ ഭൂസമരം ആരംഭിച്ചത്. 14 വർഷത്തെ സമരത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരി 14ന് ഭൂരഹിതർക്ക് റവന്യു പട്ടയം നൽകി.
പട്ടയം ലഭിച്ചവർ ഒരു റബ്ബർ മരത്തിന് 850 രൂപ നിരക്കിൽ സർക്കാരിൽ അടച്ച് വീടുവയ്ക്കാനായി മരങ്ങൾ മുറിച്ചുതുടങ്ങി. എന്നാൽ പട്ടയം നൽകിയപ്പോഴോ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയപ്പോഴോ വനംവകുപ്പിന് ആവശ്യമായ രേഖകൾ റവന്യു വകുപ്പ് കൈമാറിയിരുന്നില്ല. വ്യാപകമായി മരംമുറിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് വനംവകുപ്പ് ഇടപെട്ടത്. ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവും ഡി-റിസർവ് നോട്ടിഫിക്കേഷനും ഹാജരാക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടെങ്കിലും രേഖകൾ ലഭിച്ചില്ല. ഇതേ തുടർന്നാണ് അതിർത്തി സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതുവരെ അഞ്ചൽ റേഞ്ച് ഓഫീസർ മരംമുറിയും നിർമ്മാണവും താത്കാലികമായി തടഞ്ഞത്.
ഗുണഭോക്താക്കൾ പ്രതിസന്ധിയിൽ
പട്ടയം ലഭിച്ചിട്ടും മരംമുറിക്കാനോ വീടുവയ്ക്കാനോ കഴിയാതെ പ്രതിസന്ധിയിലാണ് ഗുണഭോക്താക്കൾ. വനംവകുപ്പിന്റെ കത്തിനെത്തുടർന്ന് നിലവിലെ സാഹചര്യം റവന്യു വകുപ്പ് പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ ഭൂമിയുടെ സ്കെച്ചും മറ്റ് രേഖകളും വനംവകുപ്പിന് കൈമാറുമെന്ന് റവന്യു അധികൃതർ അറിയിച്ചു. രേഖകൾ ലഭിക്കുന്നതോടെ ഭൂമിയുടെ അതിർത്തി വ്യക്തമായി നിർണയിക്കാനും നിലവിലെ നിയമപ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
മരംമുറിയും നിർമ്മാണ പ്രവർത്തനങ്ങളും തടഞ്ഞുള്ള നോട്ടീസ് നൽകിയത് സാങ്കേതിക നടപടിയുടെ ഭാഗമായാണ്. ആവശ്യമായ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് നോട്ടീസ് പിൻവലിക്കും
വനം വകുപ്പ് അധികൃതർ
............................
വനം വകുപ്പ് ആവശ്യപ്പെട്ട രേഖകൾ സംബന്ധിച്ച വിഷയം പരിശോധിച്ചുവരികയാണ്
റവന്യു വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |