കൊല്ലം: ആറുവരി വികസനം നടക്കുന്ന ദേശീയപാത 66ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സർവീസ് റോഡിൽ നിന്നുള്ള ഓടകളുടെ നിർമ്മാണത്തിന് സംസ്ഥാന സക്കാരിന്റെ നയരേഖ. നിലവിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഓട നിർമ്മിക്കാൻ പത്ത് കോടി രൂപയുടെ എസ്റ്റിമേറ്റ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ദേശീയപാത അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.
നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കാൻ ആകെ എസ്റ്റിമേറ്റിന്റെ പത്ത് ശതമാനം തുക എൻ.എച്ച്.എ.ഐ കളക്ടർക്ക് കൈമാറി. ദേശീയപാതയിൽ നിന്നുള്ള വെള്ളം തൊട്ടടുത്തുള്ള ജലാശയത്തിലേക്കോ പ്രകൃതിദത്ത നീർച്ചാലിലേക്കോ ഒഴുകിയെത്താനുള്ള ഓട നിർമ്മാണത്തിനാണ് എൻ.എച്ച്.എ.ഐ പണം നൽകുന്നത്.
നിലവിലുള്ള ഓടകളുടെ നവീകരണത്തിനും വീതിയും ആഴവും കൂട്ടാനും പണം ലഭിക്കും. ആവശ്യമായ ഓടയില്ലാത്തതിനാൽ ഇത്തവണത്തെ മഴയിൽ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് ശാഖാ ഓടകളുടെ നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ ഇടപെടുന്നത്.
ഓട നിർമ്മിക്കാൻ 10 കോടിയുടെ എസ്റ്റിമേറ്റ്
പദ്ധതി അന്തിമമായാൽ ഏഴ് ദിവസത്തിനകം എൻ.എച്ച്.എ.ഐക്ക് നൽകണം
പദ്ധതി അംഗീകരിച്ചാൽ പണം എൻ.എച്ച്.എ.ഐ, കളക്ടർക്ക് കൈമാറും
കളക്ടർ പദ്ധതിക്ക് ഭരണാനുമതി നൽകും
പണം ലഭിച്ച് ഏഴ് ദിവസത്തിനകം സാങ്കേതികാനുമതി നൽകണം
സാങ്കേതികാനുമതി ലഭിച്ച് ഏഴ് ദിവസത്തിനകം ടെണ്ടർ ക്ഷണിക്കണം
നിർമ്മാണത്തിലെ ഗുണനിലവാരം കളക്ടർ ഉറപ്പാക്കണം
വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കണ്ടെത്തും
തദ്ദേശസ്വയംഭരണ വകുപ്പ് എക്സി. എൻജിനിയർ നോഡൽ ഓഫീസറായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എൻ.എച്ച്.എ.ഐ അധികൃതരും അടങ്ങിയ സംഘം ദേശീയപാത 66ൽ പരിശോധന നടത്തി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തും. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളതിനേക്കാൾ അധികം സ്ഥലങ്ങളിൽ ഓട നിർമ്മാണം ആവശ്യമാണെങ്കിൽ അതും കണ്ടെത്തും. തുടർന്ന് എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കി എൻ.എച്ച്.എ.ഐക്ക് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |