
ചിറയിൻകീഴ്: നാവികസേനയുടെ കപ്പലായ കൽപേനിയിലെത്തിയ സംഘം ഇന്നലെ നടത്തിയ തെരച്ചിലിലും മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ഷിജിനെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെയാണ് തെരച്ചിൽ ആരംഭിച്ചത്.
അഴിമുഖത്ത് പ്രവേശിക്കാൻ കഴിയാത്തതിനാൽ കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ നാവിക സേനയുടെ സംഘം പരിശോധന നടത്തുകയായിരുന്നു. ശക്തമായ കാറ്റും തിരയും കാരണം കൽപേനിയുടെ ഭാഗമായ ചെറുബോട്ടിന് അഴിമുഖത്തെത്തി രക്ഷാപ്രവർത്തനം നടത്തുക ദുഷ്കരമാണെന്ന് വിലയിരുത്തി. തെരച്ചിൽ സംഘം കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ തന്നെ വെള്ളത്തിനടിയിലെ വസ്തുക്കളെ കണ്ടെത്താനായി സോണാർ എന്ന ഉപകരണവുമായെത്തിയെങ്കിലും തിര ശക്തമായതിനാൽ പ്രായോഗികമായില്ല.
ഒടുവിൽ സോണാർ ഉപയോഗിച്ച് അഴിമുഖത്തിന് പുറത്ത് കടലിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉച്ചയോടെ കപ്പൽ മുതലപ്പൊഴിയിൽ നിന്ന് മടങ്ങി കൊല്ലത്തെ തെരച്ചിലിന്റെ ഭാഗമായി. നേവിയുടെയുടെ ഹെലികോപ്ടറും ഇന്നലെ വ്യോമ നിരീക്ഷണം നടത്തി.
തോമസിന്റെ മൃതദേഹം കണ്ടെത്തി
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൺ എന്ന തോമസാണ് (37) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.
മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ മടങ്ങിയെത്തിയ സംഘം വള്ളം കഴുകാനായി കായലിലൂടെ നീങ്ങുന്നതിനിടെ തോമസ് വെള്ളത്തിൽ വീഴുകയായിരുന്നു. താഴംപള്ളി ലേലഹാളിന് സമീപമാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അഞ്ചുതെങ്ങ് സെന്റ് പിറ്റേഴ്സ് ദേവാലയത്തിൽ സംസ്കരിച്ചു. ക്ലേരിയാൻ-ജോൺമേരി ദമ്പതികളുടെ മകനാണ്. പ്രബല്ല,സിന്ധു എന്നിവരാണ് സഹോദരിമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |