കൊല്ലം: മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിലെത്തി പണവും രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽ വീട്ടിൽ സുനിലാണ് (40) അറസ്റ്റിലായത്.
കഴിഞ്ഞ 9ന് വൈകിട്ട് ആറോടെ പള്ളിമുക്ക് കൊല്ലൂർവിള പള്ളിക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറിലായിരുന്നു സംഭവം. പ്രതി ക്യാഷ് കൗണ്ടറിന് മുകളിൽ വച്ചിരുന്ന പണവും ആധാർ കാർഡും ബാങ്ക് കാർഡുകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിലായി മോഷണം, നരഹത്യാശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുനിൽ. കാപ്പാ നിയമപ്രകാരവും നടപടിയെടുത്തിട്ടുണ്ട്. ഇരവിപുരം പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ അഭിഷേക്, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ സജിൻ ചന്ദ്രൻ, വൈശാഖ്, അൽസോഫീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |