എഴുകോൺ: കരീപ്ര മടന്തകോട്ട് മദ്യലഹരിയിൽ പിതാവിനെ നിരന്തരം ഉപദ്രവിച്ച മകനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.
മടന്തകോട് ബൈജു ഭവനിൽ ബൈജുവിനാണ് (39) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 9 ഓടെ ഇവർ വാടകയ്ക്ക് താമസിക്കുന്ന ചൂരപ്പൊയ്കയിലെ വീട്ടിലായിരുന്നു സംഭവം. പരിക്കേറ്റ ബൈജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അച്ഛൻ ബാലനെ (60) എഴുകോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ സംഭവം നടന്ന വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് പറയുന്നത്: ബൈജു പതിവായി അച്ഛൻ ബാലനെ മർദ്ദിക്കുമായിരുന്നു. സംഭവദിവസവും ബാലനെ ഉപദ്രവിച്ചിരുന്നു. ഇതിനിടെ നിലത്തുവീണ ബൈജുവിനെ വീട്ടിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ബാലൻ വെട്ടുകയായിരുന്നു. ആദ്യ വെട്ട് പിൻകഴുത്തിലും, തിരിഞ്ഞപ്പോൾ രണ്ടാമത്തെ വെട്ട് മുൻകഴുത്തിലുമാണ് ഏറ്റത്.
സംഭവ സമയത്ത് ബാലന്റെയും ബൈജുവിന്റെയും ഭാര്യമാർ വീട്ടിൽ ഉണ്ടായിരുന്നില്ല. ബാലന്റെ ഭാര്യ തൊട്ടടുത്തുള്ള കേറ്ററിംഗ് സ്ഥാപനത്തിൽ പാചക ജോലിക്ക് പോയിരിക്കുകയായിരുന്നു. സംഭവം കണ്ട് ഭയന്ന ബൈജുവിന്റെ മക്കൾ നിലവിളിച്ചുകൊണ്ട് ഓടി കേറ്ററിംഗ് സ്ഥാപനത്തിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേറ്ററിംഗ് ഉടമയും നാട്ടുകാരും ചേർന്നാണ് ബൈജുവിനെ ആശുപത്രിയിൽ എത്തിച്ചത്. എഴുകോൺ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |