കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റിയുടെ അനുബന്ധമായി ആരംഭിക്കുന്ന മെഡിക്കൽ കോളേജിന്റെ അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് താത്കാലികമായി ആശ്രാമത്തെ ഇ.എസ്.ഐ സബ് റീജിണൽ ഓഫീസ് വളപ്പിൽ നിർമ്മിക്കാൻ ആലോചന. എല്ലാ സൗകര്യങ്ങളോടുമുള്ള മെഡിക്കൽ കോളേജ് കാമ്പസ് നിർമ്മാണത്തിന് കൂടുതൽ സമയം വേണ്ടി വരുന്നതിനാലാണ് താത്കാലിക സൗകര്യമൊരുക്കുന്നത്.
ആശ്രാമത്തെ ഇ.എസ്.ഐ സബ് റീജിണൽ ഓഫീസിൽ നിലവിലുള്ള കെട്ടിടത്തിൽ ആദ്യ രണ്ട് വർഷം ക്ലാസ് നടത്താനാകും. മൂന്ന് ബാച്ചുകളെ ഒരേ സമയം പഠിപ്പാക്കാനുള്ള സൗകര്യമില്ല. അതിനായി അവിടെയുള്ള പഴയ ക്വാട്ടേഴ്സുകൾ പൊളിച്ചുനീക്കിയാകും താത്കാലിക അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കുക. ഡീനിന്റെ ഓഫീസും അവിടെയാകും. 2007-28 അക്കാഡമിക വർഷത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മെഡിക്കൽ കോളേജിനുള്ള സംസ്ഥാന സർക്കാരിന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
നാഷണൽ മെഡിക്കൽ കമ്മിഷൻ പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോൾ ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം. സമ്പൂർണ കാമ്പസ് സജ്ജമാക്കാൻ പാർവതി മിൽ ഭൂമി വിട്ടുകിട്ടാനുള്ള ശ്രമം എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
പോക്കുവരവിനായി നെട്ടോട്ടം
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥിതി സ്ഥലം പോക്കുവരവ് ചെയ്തുകിട്ടാനായി രണ്ട് വർഷമായി നോട്ടോട്ടമോടിയിട്ടും ഫലമില്ല. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഇ.എസ്.ഐ കോർപ്പറേഷന് കൈമാറിയതിന്റെ രേഖകളില്ലാത്തതാണ് പ്രശ്നം. റവന്യു രേഖകളിൽ ഇപ്പോഴും സ്ഥലം സർക്കാർ ഭൂമിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2003 ജനുവരിൽ സ്ഥലം ഇ.എസ്.ഐ കോർപ്പറേഷന് കൈമാറിയപ്പോൾ സംസ്ഥാന സർക്കാരും ഇ.എസ്.ഐ കോർപ്പറേഷനും തമ്മിൽ ഒപ്പിട്ട എം.ഒയും അതിന്റെ മിനിട്സും മാത്രമാണ് ആശുപത്രി അധികൃതരുടെ പക്കലുള്ളത്. പോക്കുവരവ് നടക്കാത്തതിനാൽ കരവും അടച്ചിട്ടില്ല. പോക്കുവരവ് നടത്തി സ്ഥലം സ്വന്തം പേരിലാക്കിയാലെ ഇവിടെയുള്ള നിർമ്മാണ പ്രവൃത്തികൾ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കകയുള്ളു.
മെഡിക്കൽ കോളേജിന് താത്കാലിക അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ആശ്രാമം ഇ.എസ്.ഐ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |