കൊല്ലം: ഓണത്തിന് മാവേലിയായി വരാൻ ആരെ വിളിക്കണമെന്ന് കുട്ടികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രിയപ്പെട്ട ജസ്റ്റിൻ മാഷിന്റെ പേരായിരുന്നു എല്ലാവരുടെയും മനസിൽ. കുട്ടികൾ ആഗ്രഹം പറഞ്ഞതോടെ കൊല്ലം ടൗൺ യു.പി സ്കൂളിലെ മൂന്നാം ക്ലാസ് അദ്ധ്യാപകൻ എൻ.ജസ്റ്റിൻ മാവേലിയായി.
ഒന്നര മണിക്കൂറോളം നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ മാവേലിക്കുപ്പായമണിഞ്ഞ് വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയ ജസ്റ്റിനെ കുട്ടികൾ ആവേശത്തോടെ വരവേറ്റു. ഓണമത്സരങ്ങളിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകിയും അവർക്കൊപ്പം ഓണസദ്യ കഴിച്ചും മാഷ് ആഘോഷത്തിൽ നിറഞ്ഞുനിന്നു.
വായനാവാരവുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ഞുണ്ണിമാഷിന്റെ വേഷമണിഞ്ഞ് ജസ്റ്റിൻ കുട്ടികളുടെ കൈയടി നേടിയിരുന്നു. ഇത്തവണ മാവേലിയാകണമെന്ന കുട്ടികളുടെ ആഗ്രഹവും മാഷ് സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. പ്രഥമാദ്ധ്യാപകൻ എൻ.വിനു, പി.ടി.എ പ്രസിഡന്റ് എൻ.വൈശാഖ്, വൈസ് പ്രസിഡന്റ് ഹരിലാൽ എന്നിവരുടെ പിന്തുണയും ഒരുക്കങ്ങൾക്ക് ലഭിച്ചു. ഏഴ് വർഷമായി അദ്ധ്യാപകനായ ജസ്റ്റിൻ കഴിഞ്ഞ മൂന്നുവർഷമായി കൊല്ലം ടൗൺ യു.പി സ്കൂളിലാണ്. മങ്ങാട് സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |