
മുണ്ടക്കയം : പൂഞ്ഞാറിൽ ഇത്തവണ ആര് വിജയക്കൊടി പാറിക്കുമെന്നത് പ്രവചനാതീതം. ഇടത് - വലത് - എൻ.ഡി.എ സഖ്യത്തിന്റെ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. എൽ.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം ) നേതാവും നിലവിലെ എം.എൽ.എയുമായ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മത്സരരംഗത്തുള്ളത്. പൂഞ്ഞാറിനെ രണ്ടര പതിറ്റാണ്ടുകാലം അടക്കിവാണിരുന്ന പി.സി. ജോർജാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ ജനകീയ മുഖമായ സജി ജോസഫ് (സെബാസ്റ്റ്യൻ എം.ജെ) ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
പ്രചാരണ രംഗത്ത് സജീവമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. എന്തുവിലകൊടുത്തും മണ്ഡലം നിലനിറുത്താനുള്ള കഠിന പ്രയത്നത്തിലാണ് ഇടതുപക്ഷം. അതേസമയം രണ്ടര പതിറ്റാണ്ടോളം പൂഞ്ഞാറിനെ വിവിധ മുന്നണികളുടെ ഭാഗമായി നിന്നും, സ്വതന്ത്രനായും നയിച്ചതിന്റെ കരുത്തോടെയാണ് പി.സി. ജോർജിന്റെ വരവ്. തുടർച്ചയായി അഞ്ചു തവണ വിജയിച്ച ജോർജ് കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്ത് എത്തി. ഇത്തവണ വിജയം ഉറപ്പാണെന്ന് ജോർജ് പറയുന്നു. യു.ഡി.എഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് ശക്തനായ സ്ഥാനാർത്ഥിയെയാണ്. പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി ചെയർമാനായി പൊതുപ്രവർത്തനം ആരംഭിച്ചയാളാണ് സജി ജോസഫ്. 25-ാം വയസിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റായി. തലപ്പലം സർവീസ് സഹകരണ ബാങ്കിനെ കഴിഞ്ഞ 24 വർഷമായി നയിക്കുന്നു. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും അനുകൂല വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
വന്യമൃഗശല്യം ചർച്ചയാകും
രാഷ്ട്രീയം മാത്രമല്ല കൃഷിയും ചർച്ചയാകുന്ന മണ്ഡലമാണ് പൂഞ്ഞാർ. റബറിന്റെ വിലയിടിവും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം പൊറുതിമുട്ടിയ കർഷകരാണ് പ്രധാന വോട്ടർമാർ. മുസ്ലിം, ക്രിസ്ത്യൻ, ഈഴവവോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. 2016ൽ മൂന്ന് മുന്നണികളെയും ഒറ്റയ്ക്ക് വെല്ലുവിളിച്ച് മൂലയ്ക്കിരുത്തി നെഞ്ചും വിരിച്ച് നിയമസഭയിലെത്തിയ ജോർജ് കഴിഞ്ഞതവണയും സ്വതന്ത്രനായി രണ്ടാംസ്ഥാനത്തെത്തി. ഇക്കുറി ബി.ജെ.പിയ്ക്കായി കൂടുതൽ കരുത്തോടെ ജോർജിന്റെ വരവ്. അവസാന നിമിഷത്തെ അടിയൊഴുക്കുകളാകും മണ്ഡലത്തിലെ ഫലം നിർണയിക്കുക.
2021 ലെ വോട്ടുനില
സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽ.ഡി.എഫ് ) : 58668
പി.സി.ജോർജ് (സ്വതന്ത്രൻ ) : 41851
ടോമികല്ലാനി (യു.ഡി.എഫ് ) : 34633
എം.പി സെൻ (ബി.ഡി.ജെ.എസ് ) : 2965
ഭൂരിപക്ഷം : 16817
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |