
പാലാ: രണ്ടേക്കറോളം സ്ഥലമുള്ള പാലാ പൊലീസ് സ്റ്റേഷന്റെ കെട്ടിടങ്ങൾ അതീവ ശോചനീയാവസ്ഥയിൽ. ഉദ്യോഗസ്ഥർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥ. പുതുതായി ചുമതലയേറ്റ സി.ഐയ്ക്ക് ഇതേവരെ ഓഫീസ് ഒരുക്കാൻ പോലും കഴിഞ്ഞിട്ടില്ല. സി.ഐ. ഇപ്പോഴും ഡി.വൈ.എസ്.പി ഓഫീസിലാണ് തങ്ങുന്നത്.
നിയമപാലകരായ പൊലീസുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയിലാണ് പാലാ സ്റ്റേഷൻ. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളിൽ രണ്ടെണ്ണം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്ന അവസ്ഥയിലാണെന്ന് പൊലീസുകാർ പറയുന്നു.
സ്റ്റേഷൻ വളപ്പിലെ ചില ഭാഗങ്ങൾ പലരും കൈയ്യേറിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
നിലവിലുള്ള കെട്ടിടങ്ങളിൽ ഡിവൈ.എസ്.പി. ഓഫീസുള്ള കെട്ടിടം മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട നിലയിലുള്ളത്. പൊലീസ് സ്റ്റേഷനും മറ്റ് അനുബന്ധ കെട്ടിടങ്ങളും കാലപ്പഴക്കത്തിന്റെ അവശതകളിലാണ്. ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരിക്കാനോ വിശ്രമിക്കാനോ ആവശ്യമായ സൗകര്യങ്ങൾ പരിമിതമാണ്.
നിലവിലെ ട്രാഫിക് യൂണിറ്റ് മാറ്റാൻ നീക്കം
നിലവിൽ ട്രാഫിക് പൊലീസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്ന ഓഫീസ് സി.ഐ ഓഫീസിനായി തയ്യാറാക്കുകയാണിപ്പോൾ. ട്രാഫിക് പൊലീസിനെ ഇതേ കെട്ടിടത്തിന്റെ പിറകിലുള്ള ക്വാർട്ടേഴ്സിലേക്ക് മാറ്റാനുള്ള ആലോചനയിലാണ്. എന്നാൽ ആ കെട്ടിടം പ്രവർത്തനയോഗ്യമാക്കാൻ അറ്റകുറ്റപ്പണികളും ഫർണിഷിംഗ് ജോലികളും ഉൾപ്പെടെ നിരവധി ക്രമീകരണങ്ങൾ ആവശ്യമാണ്. ഇതിനുള്ള തുക എവിടുന്ന് ലഭിക്കുമെന്ന് ആർക്കുമറിയില്ല.
ആധുനിക സ്റ്റേഷനായി ഉയർത്തണം
24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് വിശ്രമമുറി, വനിതാ പൊലീസുകാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, മതിയായ ഓഫീസ് മുറികൾ, സുരക്ഷിതമായ റെക്കോർഡ് റൂം, വാഹന പാർക്കിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടങ്ങൾക്ക് പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പോലീസ് സ്റ്റേഷൻ സമുച്ചയം നിർമ്മിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |