കോട്ടയം: ഒരു കാലത്തെ ജില്ലയെ വിറപ്പിച്ചവർ. ഇന്ന് പരസ്യ ക്വട്ടേഷനും ഗുണ്ടായിസവുമില്ല. പക്ഷേ എല്ലാം അവസാനിപ്പിച്ചെന്ന് കരുതേണ്ട.
പല ഗുണ്ടകളും 'കാഴ്ചയിൽ മാന്യന്മാരായി' വിലയുകയാണ്. ഗുണ്ടായിസത്തിന് അവധി നൽകിയെങ്കിലും രഹസ്യമായി സെറ്റിൽമെന്റുകളും ലഹരി ഇടപാടുകളുമായി ഇവർ തിന്ന് കൊഴുക്കുകയാണ്. പുതുതായി കേസുകളിൽപ്പെടാതെ ശ്രദ്ധിക്കുന്ന ഇവർ വലിയ ഇടപാടുകൾക്ക് ഇടനിലക്കാരുമാണ്. ജില്ലയിൽ ഗുണ്ടാ-ക്വട്ടേഷൻ ആക്രമണങ്ങൾ കുറഞ്ഞത് ഇവർ ഡീസന്റായതുകൊണ്ടല്ല, മറിച്ച് അക്രമപ്രവർത്തനങ്ങളിൽ നിന്ന് മാറി പണമുണ്ടാക്കാനുള്ള മറ്റ് വഴികൾ തേടിയതിനാലാണന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരിൽ ഏറെപ്പേരുടേയും ജീവിതനിലവാരമുയർന്നു. മുന്തിയ വാഹനങ്ങളും വീടുമായി. ജയിലിലെ വിപുലമായ ബന്ധവും നാടുകടത്തപ്പെട്ടപ്പോൾ മറ്റ് ജില്ലകളിലുള്ള സ്വാധീനവുമാണ് ഇവർക്ക് തുണ. നേരിട്ട് ഒരു കേസിലും പ്രതിയാകാത്തവിധമാണ് പ്രവർത്തനം.
റിസ്ക് കുറവ് സമ്പത്ത് കൂടുതൽ
ബാംഗ്ളൂർ, എറണാകുളം, കൊല്ലം, കായംകുളം കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രമുഖ ഗുണ്ടകളുടെ രഹസ്യഇടപാടുകൾ. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, വില തർക്കങ്ങൾക്ക് ഇടനിലനിൽക്കുക, ലഹരി ഇടപാടുകൾ എന്നിവയാണ് മേഖല. ക്വട്ടേഷൻ, പിടിച്ചുപറി എന്നിവയേക്കാൾ റിസ്ക് കുറവും സാമ്പത്തിക നേട്ടവുമുണ്ട്. കാപ്പ ചുമത്തി നാടുകടത്തുന്ന ഗുണ്ടകൾ അതിശക്തരാകുകയാണ്. ജില്ലയിൽ നിന്ന് നാടുകടത്തിയ പല ഗുണ്ടകളും വ്യവസ്ഥ ലംഘിച്ച് തിരികെയെത്തുന്നുമുണ്ട്.
അധികാരം കളക്ടർക്ക്
കാപ്പ ചുമത്തി ഗുണ്ടകളെ റിമാൻഡ് ചെയ്യാനുള്ള അധികാരം കളക്ടർക്കാണ്. എന്നാൽ ഇതേ നിയമപ്രകാരം ഗുണ്ടകളെ നാടുകടത്താൻ പൊലീസിനുള്ള അധികാരം ഉപയോഗിച്ചാണ് സ്ഥിരം കുറ്റവാളികളെ ജില്ലയ്ക്ക് പുറത്തേക്ക് നിശ്ചിത കാലയളവിലേക്ക് നാടുകടത്തുന്നത്.
ജയിൽ ബന്ധം തുണ
ചെറിയ മീനായി ജയിലിൽ കയറുന്ന ഗുണ്ടകൾ തിമിംഗലങ്ങളായാണ് പുറത്തിറങ്ങുന്നത്. ഈ ബന്ധം നാടുകടത്തപ്പെടുമ്പോഴും തുണയ്ക്കും. ദൂരെ ദിക്കുകളിലേയ്ക്ക് നാടുകടത്തപ്പെടുന്ന കാപ്പാഗുണ്ടകൾ പുതിയ സ്ഥലത്തെത്തിയാൽ അവിടെ പുതിയ കൂട്ടുകാരെ കണ്ടെത്തും.
ജയിലിലോ മറ്റു ക്രിമിനൽ സാഹചര്യങ്ങളിലോ പരിചയപ്പെട്ടവരെ തേടിപ്പിടിച്ച് കൂട്ടാളികളാക്കും.
നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ നിർജീവമാക്കി പുതിയ സിം തരപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |