കോഴിക്കോട്: ബേപ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുഹമ്മദ് റിയാസിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവർ നിരന്തരമായി നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ എൽ.ഡി.എഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷനും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി. അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നിയോജകമണ്ഡലം സെക്രട്ടറി ടി രാധാഗോപി പരാതിയിൽ പറഞ്ഞു. വോട്ടർമാരെ തെറ്റായ നിലയിൽ സ്വാധീനിക്കാൻ വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ ആരോപണങ്ങളും അവഹേളന പ്രസ്താവനകളും പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും വാഹനങ്ങളിലെ അനൗൺസ്മെന്റ് വഴിയും ഇത്തരം ആക്ഷേപങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. എം.എൽ.എ എന്ന നിലയിൽ മുഹമ്മദ് റിയാസ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ തമസ്കരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം വ്യക്തി അധിക്ഷേപങ്ങൾ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ അനുസരിക്കാതെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇത്തരം കള്ള പ്രചാരണങ്ങൾ നടത്തുന്നത്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അപവാദം പ്രചരിപ്പിച്ചാൽ തെളിവുകൾ പുറത്തുവിടും: അൻവർ
ഫറോക്ക്: പി.എ റിയാസും അദ്ദേഹത്തിന്റെ പ്രവർത്തകരും തോൽവി ഭയന്ന് തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ബേപ്പൂർ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവർ പറഞ്ഞു. ഇല്ലാത്തെ അപവാദങ്ങൾ പ്രചരിപ്പിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ സ്ക്രീൻ വെച്ച് എല്ലാ തെളിവുകൾ പുറത്തുവിടുമെന്നും അപവാദങ്ങൾ നടത്തുന്ന ആളുകൾ ഇത് ഓർമ്മിച്ചാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പരിതാപകരമായ അവസ്ഥയെ പറ്റിയുളള എന്റെ ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം നൽകാത്ത വ്യക്തിഹത്യ നടത്തിയ പരാമർശങ്ങൾ എന്താണെന്നു മന്ത്രി തെളിയിക്കണമെന്നും ഇത്രയും കാലം റീൽസിട്ടു ജനങ്ങളെ പറ്റിച്ചതു പോലെ അപരന്മാരെ നിർത്തി വോട്ടർമാരെ പറ്റിക്കാനുളള ശ്രമം ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |