പാറ പൊട്ടിച്ച് തട്ടുകളാക്കൽ
പ്രവൃത്തി പുരോഗതിയിൽ
കോഴിക്കോട്: വയനാട്-കോഴിക്കോട് യാത്രാദുരിതം ഇല്ലാതാക്കാൻ തുടക്കമിട്ട ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ തുരങ്ക നിർമ്മാണത്തിന്റെ ആദ്യഘട്ട പ്രവൃത്തിയ്ക്ക് അതിവേഗം. ആനക്കാംപൊയിൽ, മേപ്പാടി ഭാഗങ്ങളിൽ തുരക്കുന്നതിന് മുമ്പുള്ള സംരക്ഷണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി തുരങ്കമുഖത്തിന് മുകൾ ഭാഗത്ത് പാറ പൊട്ടിച്ച് തട്ടുകളായി തിരിക്കുകയാണ്. ആറ് മീറ്റർ, രണ്ട് മീറ്റർ, വീണ്ടും ആറ് മീറ്റർ എന്നിങ്ങളെ ചെരിച്ചും കുത്തനെയുമാണ് തട്ടുകളാക്കൽ. പാറ തുരക്കാൻ തുടങ്ങുമ്പോൾ തുരങ്കത്തിന് മുകൾ ഭാഗത്തുനിന്ന് ഇടിച്ചിലുണ്ടാകാത്ത തരത്തിൽ സംരക്ഷണമൊരുക്കുകയാണ് ലക്ഷ്യം. മേപ്പാടി ഭാഗത്ത് പാറ തുരന്നെടുക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന 'കട്ട് ആൻഡ് കവർ' രീതിയിലാണ് തുരങ്കനിർമ്മാണം. മണ്ണ് നീക്കൽ ഉൾപ്പെടെയുള്ള ജോലി ഇവിടെയും പുരോഗമിക്കുന്നു. ഇരു ഭാഗത്തുമായി അറുനൂറോളം തൊഴിലാളികളാണ് 12 മണിക്കൂറും ജോലി ചെയ്യുന്നത്. തുരങ്കപാത ഭാഗത്തെത്താൻ മറിപ്പുഴയിൽ നിർമ്മിക്കുന്ന പാലം പണിയും ദ്രുതഗതിയിലാണ്. ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് തുരങ്കപാത നിർമ്മാണച്ചുമതല. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 2025 ആഗസ്റ്റ് 31നും കഴിഞ്ഞ മാസം ആറിന് ആദ്യ ബ്ളാസ്റ്റംഗും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.
നാലുവർഷംകൊണ്ട് പാത
തുരങ്കപാത നാലുവർഷംകൊണ്ട് പൂർത്തിയാകും. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെയാണ് പാത. ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയുണ്ടാകും (ക്രോസ് പാസേജ്). പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയും. വിനോദ സഞ്ചാര-വ്യാപാര മേഖലകൾക്ക് ഉണർവുണ്ടാകും.
തുരങ്കപാത ഇങ്ങനെ
ആകെ നീളം.... 8.73 കി.മീ
ഇരട്ട തുരങ്കം....8.11 കി.മി
നീളം കോഴിക്കോട് ജില്ലയിൽ....3.15 കി.മീ.
വയനാട് ജില്ലയിൽ.... 5.58 കി.മീ.
സുരക്ഷ ക്രമീകരണം
ഓരോ 500 മീറ്ററിലും ക്രോസ് പാസേജ്.
വാഹനങ്ങൾ നിറുത്തിയിടാൻ ലേ ബെെ.
നിശ്ചിത അകലത്തിൽ ജറ്റ് ഫാനുകൾ.
ആധുനിക അഗ്നിരക്ഷാ സംവിധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |