കോഴിക്കോട്: നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചുപോയ കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് ഒടുവിൽ ശാപമോക്ഷം. പാർക്കിന്റെ നിർമ്മാണത്തിനായി കോർപ്പറേഷൻ ഏറെക്കാലമായി കാത്തിരുന്ന സി.ആർ.ഇസഡ് (തീരദേശ പരിപാലന അതോറിറ്റി) അനുമതി ലഭ്യമായതോടെ നിർമ്മാണത്തിലെ പ്രധാന പ്രതിസന്ധി ഒഴിവായിരിക്കുകയാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നവീകരിക്കുന്നത്.നവീകരണത്തിനായി നേരത്തെ പഴയ പാർക്ക് പൊളിച്ചുനീക്കിയെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവിൽ പാർക്ക് ഏരിയയിൽ വെളിച്ചമില്ലാത്തതും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതും കാരണം ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതോടെ ഈ ദുരവസ്ഥയ്ക്ക് അറുതിയാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
സഞ്ചാരികൾക്കായി വിപുലമായ വിനോദ-വിശ്രമ സൗകര്യങ്ങളാണ് പാർക്കിൽ ഒരുങ്ങുന്നത്. ആധുനിക രീതിയിലുള്ള കളി ഉപകരണങ്ങൾ, എലിവേറ്റഡ് ട്രാക്ക്, വാക്കിംഗ് പാത്ത്, വായനശാല, ഓപ്പൺ ജിം, മഴവിൽ ഷെൽട്ടറുകൾ എന്നിവ പുതിയ പദ്ധതിയുടെ ഭാഗമാണ്. ഡി.പി.ആർ തയാറാക്കി ഉടൻ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും സമയം ചെലവഴിക്കാനുള്ള ഇടമായി ഇവിടം മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
"ലയൺസ് പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രോട്ടോക്കോൾ അവസാനിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും."
-എൻ.കെ. ഹരീഷ്
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |