SignIn
Kerala Kaumudi Online
Friday, 15 May 2026 2.31 AM IST

@ വാഹനങ്ങൾ വഴിനീളെ  'ഫ്രണ്ട്ലി'യായില്ല പാർക്കിംഗ്

parking
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ

കോഴിക്കോട്: നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാൻ ജില്ല ഭരണകൂടവും ട്രാഫിക് പൊലീസും കോർപ്പറേഷനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ തീരുമാനിച്ച 'പാർക്കിംഗ് ഫ്രണ്ട്ലി' പദ്ധതി നടപ്പായില്ല.

2020ൽ മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനം. പാർക്കിംഗ് പ്ളാസകൾ നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. നഗരസഭയിലെ സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇതിനായി ചുമതലപ്പെടുത്തി സർവേയും തുടങ്ങിയിരുന്നു.

പദ്ധതി നടപ്പാക്കുന്നതോടെ പാർക്കിംഗ് പ്രശ്നം പരിഹരിക്കപ്പെടുമെന്ന് സിറ്റി ട്രാഫിക് അധികൃതരും അറിയിച്ചു. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും ഉള്ളിടത്ത് പാർക്ക് ചെയ്താലുടൻ പിഴയടയ്ക്കണമെന്നും കാണിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതി കിട്ടിയിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ വന്ന തടസങ്ങളും ടൗണിൽ മതിയായ സ്ഥലം കിട്ടാത്തതുമാണ് പദ്ധതിയ്ക്ക് തിരിച്ചടിയായതെന്നാണ് അറിയുന്നത്. നഗരത്തിൽ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമേ പണമടച്ച് പാർക്ക് ചെയ്യാൻ സൗകര്യമുള്ളൂ. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ടെ റോഡുകൾക്ക് വീതി കുറവാണ്. ഇവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചാൽ ഗതാഗതം തടസപ്പെടും. പദ്ധതി പ്രകാരം മിഠായിത്തെരുവിന് സമീപം ബഹുനില പാർക്കിംഗ് പ്ലാസ നിർമ്മിക്കാൻ ആലോചിച്ചിരുന്നു. ഇതിനായി ഇവിടുത്തെ കെട്ടിടം പൊളിച്ചെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാൽ പ്ളാസ വന്നില്ല.

നഗരം ചുറ്റണം 'പാർക്കാൻ'

റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പ്ളാസ ഒരു കെട്ടിടം മാത്രമായി അവശേഷിച്ചു. ഇതിന്റെ നിർമ്മാണം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. വൈക്കം മുഹമ്മദ് ബഷീർ റോഡ്, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല. എന്നാൽ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, മാനാഞ്ചിറയ്ക്ക് പടിഞ്ഞാറു വശം, പാവമണി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്ര-നാലുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാമെന്ന് പൊലീസ് പറയുന്നു. എങ്കിലും മാനാഞ്ചിറയിലും മിഠായിത്തെരുവിലും എത്തുന്നവർക്ക് പാർക്ക് ചെയ്യാനാവുന്നില്ല. പ്രത്യേകിച്ച് തിരക്കുള്ള ഞായറാഴ്ചകളിൽ.

Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL