കോഴിക്കോട്: അഭ്യൂഹങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയായി. ഇനി അടി മന്ത്രിസ്ഥാനത്തെ ചൊല്ലി. കോൺഗ്രസ് മത്സരിച്ച അഞ്ച് സീറ്റിലും ചരിത്രവിജയം നേടിയ കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. പക്ഷേ, ആ നറുക്ക് ആർക്കാവുമെന്ന കാര്യത്തിൽ ഇപ്പോൾ തന്നെ തർക്കം മുറുകി. ജില്ലയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയും തദ്ദേശത്തിൽ മികച്ച വിജയം നേടിയ ശേഷം നിയമസഭ സീറ്റുകൾ പിടിച്ചെടുക്കുന്നതിന് ചുക്കാൻ പിടിച്ച ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറിനാണ് പ്രഥമ പരിഗണന. പ്രവീണിന് കെ.മുരളീധരന്റെ പിന്തുണയുമുണ്ട്. കൊയിലാണ്ടിയിൽ നിന്ന് സി.പി.എമ്മിന്റെ കരുത്തനായ നേതാവ് കെ.ദാസനെയാണ് പ്രവീൺ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 20വർഷമായി കോഴിക്കോട് നിന്ന് കോൺഗ്രസിന് നിയമസഭയിൽ പ്രതിനിധികളില്ല. ഇത്തവണ പോകുന്നത് ഒരു വനിതയടക്കം അഞ്ചുപേർ. അത്തരമൊരു നേട്ടത്തിന് നേതൃത്വം നൽകിയ ആളെന്ന നിലയിലാണ് പ്രവീൺകുമാർ അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം പാർട്ടിയിലെ സ്ഥാനം നോക്കിയാൽ സീനിയർ കോഴിക്കോട് നോർത്തിൽ നിന്ന് തോട്ടത്തിൽ രവീന്ദ്രനെ പരാജയപ്പെടുത്തിയ കെ.ജയന്താണ്. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയാണ് ജയന്ത്. മുൻ കെ.പി.സി.സി പ്രസിഡന്റും കണ്ണൂരിലെ കരുത്തനുമായ കെ.സുധാകരന്റെ പിന്തുണ ജയന്തിന്റെ മന്ത്രി സാദ്ധ്യതയ്ക്ക് കരുത്താകും. മന്ത്രിസഭ രൂപീകരണ ഘട്ടത്തിൽ കെ.സുധാകരന്റെ പ്രധാന ആവശ്യവും ജയന്തിനെ മന്ത്രിയാക്കണം എന്നതായിരിക്കും. യൂത്ത് കോൺഗ്രസിന് പ്രാതിനിധ്യം നൽകിയാൽ ദേശീയ സെക്രട്ടറി എന്ന നിലയിൽ അഭിജിത്തിനും നറുക്ക് വീഴാം. വർഷങ്ങളായി സി.പി.ഐയുടെ നാദാപുരം കോട്ടപൊളിച്ചാണ് അഭിജിത്ത് അകത്ത് കടന്നത്. മൂന്നുപേരും മന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
അതേസമയം യു.ഡി.എഫ് ഘടകകക്ഷിയല്ലെങ്കിലും കേരളം അറിയപ്പെടുന്ന മുഖം എന്ന നിലയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ.രമയ്ക്ക് അവസരം കിട്ടുകയാണെങ്കിൽ കേൺഗ്രസിന് മന്ത്രിസ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. ലീഗിൽ നിന്ന് കുന്ദമംഗലത്ത് പി.ടി.എ.റഹീമെന്ന വൻമരത്തെ വീഴ്ത്തിയ എം.എ.റസാഖ് ഏതാണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ചതായാണ് വിവരം. ആരുവന്നാലും കോഴിക്കോട്ടുകാർക്ക് രണ്ട് മന്ത്രിസ്ഥാനം ഉണ്ടാവുമെന്നാണ് നിലവിലെ വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |