കൽപ്പറ്റ: മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തിയിട്ട് വർഷം പതിനഞ്ചായി. വനംവകുപ്പിന് കീഴിലുളള മീൻമുട്ടി വെളളച്ചാട്ടം, നീലിമല വ്യൂ പോയന്റ്, സൺറൈസ് വാലി വ്യൂ പോയന്റ് എന്നിവയിലേക്കാണ് വനംവകുപ്പിന്റെ വിലക്ക്!. കാരണം എന്താണെന്നല്ലേ? 2011ൽ ഗോവ സ്വദേശിയായ ഒരു വിനോദ സഞ്ചാരി മീൻമുട്ടിയിൽ അപകടത്തിൽപെട്ട് മരിച്ചു. അന്ന് തുടങ്ങിയതാണ് വനം വകുപ്പിന്റെ വിലക്ക്. വനംവകുപ്പിന്റേതായ സുരക്ഷാക്കുറവ് കൊണ്ടുണ്ടായ കുറ്റത്തിന് വയനാട്ടിലേക്കെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികളെയാണ് ഇത് ബാധിക്കുന്നത്. കേരളത്തിനും പുറത്തുനിന്നുമായി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ ദിനം പ്രതി എത്തിക്കൊണ്ടിരുന്നത്. കാന്തൻപാറ ഒഴികയെുളള മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങളോടെ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി സംഘടനാ നേതാക്കൾ എന്നിവരൊക്കെ ചേർന്ന് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. രണ്ടുവർഷം മുമ്പ് വനം വകുപ്പ് ചീഫ് കൺസർവേറ്ററെ നേരിൽ കണ്ടും നിവേദനം നൽകി. എന്നിട്ടും കനിഞ്ഞില്ല.
മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിലക്കേർപ്പെടുത്തിയതോടെ പ്രദേശത്തെ തൊഴിൽ വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വ്യാപാരികളുടെയും ടാക്സി ഓട്ടോ തൊഴിലാളികളുടെയും വരുമാനം നിലച്ചു. നിരവധി ഹോം സ്റ്റേകൾ ഇവിടെ ഉണ്ടായിരുന്നു. എല്ലാറ്റിന്റെയും പ്രവർത്തനം നിലച്ചു. കാപ്പി,ചായ, കുരുമുളക്, ഏലം പച്ചക്കറി തുടങ്ങിയ കാർഷിക ഉത്പ്പന്നങ്ങളുടെ വിപണത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |