വിക്രം റാണയ്ക്കായുള്ള തെരച്ചിൽ തുടരുന്നു
മേപ്പാടി: കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ വിക്രം റാണയ്ക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചിലും വിഫലം. മീനാക്ഷി പുഴയുടെ ഇരു കരകളിലായി പൊലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് മറ്റ് ദുരന്തനിവാരണ സേനകൾ എന്നിവരടങ്ങിയ 50-ഓളം വരുന്ന സംഘമാണ് വ്യാപകമായ തെരച്ചിൽ നടത്തിയത്. രണ്ട് സ്നിഫർ നായകളും രണ്ട് കഡാവർ നായകളും സംഘത്തിൽ നിറസാന്നിദ്ധ്യമായി. കഴിഞ്ഞ ദിവസം ദുരന്തഭൂമിയിൽ ഒന്നും രണ്ടും സോണുകളിലായിരുന്നു പ്രധാനമായും തെരച്ചിൽ നടത്തിയിരുന്നത്.
മീനാക്ഷിപ്പുഴ കേന്ദ്രീകരിച്ച് വിപുലമായ തിരച്ചിൽ
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിന് പുറമെ മീനാക്ഷിപ്പുഴിയിലിറങ്ങി ഇരുഭാഗങ്ങളിലും പുഴയ്ക്കുള്ളിലും പരിശോധന നടന്നു. തുർക്കി ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് പുഴയിൽ പ്രധാനമായും തിരച്ചിൽ നടത്തിയത്. മഴ കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും രക്ഷാപ്രവർത്തനത്തിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുഴയിലെ നീരൊഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമായിരുന്നെങ്കിലും റാണയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ദൗത്യസംഘത്തെ നിരാശരാക്കി. മണ്ണിനടിയിൽ പെട്ടുപോയ ഏഴ് പേരിൽ ആറുപേരുടെയും മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി.
വിക്രം റാണയെ മാത്രമാണ് കണ്ടെത്താനുള്ളത്. അനുകൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടാൻ സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളിലും തെരച്ചിൽ ഊർജ്ജിതമായി തുടരാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |