SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.25 AM IST

വീണ്ടും അമീബിക് മസ്തിഷ്ക മരണം: ജാഗ്രതയിൽ കോഴിക്കോട്

ameebic
അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രോഗി മരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. കൊയിലാണ്ടി കൊല്ലം സ്വദേശിയായ കുതിരക്കുട പുള്ളുവനം കണ്ടി ബിജുവാണ് ഇന്നലെ മരിച്ചത്. രോഗിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിലും പൊതുകിണറുകളിലും ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ജലസാംപിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പനി സർവേയും ആരോഗ്യപരിശോധനയും നടത്തി വരികയാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ പ്രദേശത്ത് മറ്റാർക്കും സമാന ലക്ഷണങ്ങളോടുകൂടിയ പനിയോ രോഗലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്ക ജ്വര രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാധാരണയായി മലിനജലം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന സാഹചര്യങ്ങളിലാണ് ഈ രോഗം ഉണ്ടാകുന്നത്. എന്നാൽ രോഗി സമീപകാലത്ത് കുളത്തിലോ പുഴയിലോ മറ്റ് ശുദ്ധീകരിക്കാത്ത ജലാശയങ്ങളിലോ കുളിച്ചതിന്റെയോ അത്തരം സ്ഥലങ്ങളിലേക്ക് യാത്ര നടത്തിയതിന്റെയോ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
രോഗിയെ ഈ മാസം പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയിരുന്നു.

ഇന്നലെ വരെ രോഗബാധ 155പേർക്ക്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ജനുവരി മുതൽ ഇന്നലെ വരെ 155 പേർക്കാണ് രോഗം ബാധിച്ചത്. 40 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുകയും ചെയ്തു. ജില്ലയിൽ ഈ മാസം മാത്രം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് ഉയരുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണറിലെ വെള്ളത്തിൽ വരെ അമീബയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യമാണുള്ളത്. രോഗം നേരത്തെ കണ്ടെത്താൻ സാധിക്കുന്നതു കൊണ്ട് കേരളത്തിൽ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ കുറവാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.

''മരിച്ച രോഗിയുടെ കാര്യത്തിൽ രോഗബാധയ്ക്ക് കാരണമായ വ്യക്തമായ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ എല്ലാ സാദ്ധ്യതകളും പരിശോധിച്ചുവരികയാണ്. മുൻകരുതൽ നടപടികൾ ജില്ലയിലാകെ ശക്തമാക്കിയിട്ടുണ്ട്. ജലാശയങ്ങളിൽ കുളിക്കുമ്പോഴും നീന്തുമ്പോഴും ആവശ്യമായ ജാഗ്രത പാലിക്കണം,"

-ഡോ. സരിത,

ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL