കോഴിക്കോട്: പിതൃക്കളുടെ ആത്മശാന്തിക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വരയ്ക്കൽ കടപ്പുറം, ശ്രീനാരായണ സെന്റിനറി ഹാൾ, വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം, പോർങ്ങോട്ടൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, പന്തീരാങ്കാവ് മണക്കടവ് ചാലിയാർ തീർത്ഥതീരം, കടലുണ്ടി വാക്കടവ്, വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രം, വടകര ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രം, അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം, കാക്കൂർ ആപ്പുറത്ത് പാലം കടവ്, കാരന്തൂർ ശ്രീഹരഹര മഹാദേവ ക്ഷേത്രം, പുതുപ്പാടി അമ്പലപ്പടി ശ്രീമഹാവിഷ്ണു ക്ഷേത്രം, പൊയിൽക്കാവ്, കാപ്പാട് എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നുമുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ കർമങ്ങൾ ആരംഭിച്ചു. ദേശീയപാതയിലെ കവാടം മുതൽ രണ്ട് വരിയായാണ് ഭക്തരെ ബലിതർപ്പണ കൗണ്ടറിലേക്ക് പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ബലിക്കുള്ള സാധനങ്ങൾ വാങ്ങി ബലിത്തറയിലെത്തി തർപ്പണം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തർപ്പണത്തിനുശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാനും സൗകര്യമുണ്ടായി. ഭക്തർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബലിത്തറ വിപുലീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും കടലിനഭിമുഖമായി സുരക്ഷാവേലികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വടക്കൻ മലബാറിലെ പ്രധാന വാവുബലി കേന്ദ്രങ്ങളിലൊന്നായ ഉരുപുണ്യകാവിൽ ആയിരങ്ങളാണ് ബലിതർപ്പണത്തിനെത്തിയത്.
കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും ബലിതർപ്പണം നടന്നു. കണയങ്കോട് പുഴയോരത്തും പുലർച്ചെ മൂന്നു മുതൽ ബലിതർപ്പണം ആരംഭിച്ചു. കുറുവങ്ങാട് പുതിയകാവ് ക്ഷേത്രത്തിലും നിരവധി പേർ എത്തി. എല്ലാ പ്രധാന കേന്ദ്രങ്ങളിലും തിലഹോമം ഉൾപ്പെടെയുള്ള പ്രത്യേക വഴിപാടുകളും ഒരുക്കി. കടൽത്തീരങ്ങളിലും പുഴയോരങ്ങളിലും പ്രത്യേക സുരക്ഷയും പൊലീസ്, അഗ്നിരക്ഷാസേന, കോസ്റ്റ് ഗാർഡ്, മെഡിക്കൽ സംഘങ്ങൾ, ആംബുലൻസ് എന്നിവയുടെ സേവനവും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിരുന്നു. പുലർച്ചെ ആരംഭിച്ച തിരക്ക് രാവിലെ പിന്നിട്ടും തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |