SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.27 AM IST

ഓണാഘോഷം: സുരക്ഷയ്ക്ക് ഷാഡോ പൊലീസും തിരക്ക് നിയന്ത്രിക്കാൻ 400 ഉദ്യോഗസ്ഥരും രംഗത്ത്

മലപ്പുറം: ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കവർച്ച, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാനുമായി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുയിടങ്ങൾ, തിരക്കേറിയ വ്യാപാരകേന്ദ്രങ്ങൾ, പ്രധാന പട്ടണങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കും. മോഷണ സംഘങ്ങളെ കണ്ടെത്തുന്നതിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ സമയബന്ധിതമായി തടയുന്നതിനുമായി ജില്ലയിലെ 34 പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 68 ഉദ്യോഗസ്ഥരെ ഷാഡോ പൊലീസായി നിയോഗിച്ചിട്ടുണ്ട്.

മോഷണ സംഘങ്ങളെ നിരീക്ഷിക്കും
വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്നവരുടെ സ്വർണം, പണം, പേഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനും മോഷണം തടയുന്നതിനും ഷാഡോ പൊലീസ് നിരീക്ഷണം നടത്തും. കൂടാതെ, പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും സംവിധാനം സഹായകരമാകും.

400ഓളം പൊലീസുകാർ
ഓണാഘോഷങ്ങളുടെ ഭാഗമായി വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഏകദേശം 400ഓളം പൊലീസുകാരെ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടസാദ്ധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ആവശ്യമായ സ്ഥലങ്ങളിൽ അധിക പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കും.

ഓണാവധിക്കാലത്ത് ബന്ധുവീടുകളിലേക്കോ ജില്ലയ്ക്ക് പുറത്തേക്കോ വിനോദയാത്രയ്‌ക്കോ പോകുന്നവർക്ക് പൊലീസിന്റെ Pol-App-ലെ ‘Locked House Information’ സംവിധാനത്തിലൂടെ വീട് പൂട്ടി പോകുന്ന വിവരം പൊലീസിനെ അറിയിക്കാം.
ഇത്തരത്തിൽ മുൻകൂട്ടി വിവരം ലഭിക്കുന്നത് പ്രദേശത്തെ പൊലീസ് പട്രോളിംഗ് കൂടുതൽ ഫലപ്രദമാക്കുന്നതിനും വീടുകളുടെയും പരിസരങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകും. സംശയകരമായ സാഹചര്യത്തിൽ പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും.

അടിയന്തര സഹായത്തിന് 112
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 112 എന്ന പൊലീസ് എമർജൻസി നമ്പറിൽ ബന്ധപ്പെടണം. സംഭവസ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിലൂടെ പൊലീസ് സഹായം വേഗത്തിൽ എത്തിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL