തിരൂർ: ഉത്രാടത്തിന് തലേന്നേ പാച്ചിൽ നടന്നതോടെ തിരൂർ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. പൊറ്റേത്ത പടിയിൽ നിന്ന് തുടങ്ങി പൂക്കയിൽ വരെയും പയ്യനങ്ങാടിയിലും എല്ലാം വാഹനത്തിന്റെ നിര മണിക്കൂറുകളോളം നീണ്ടു. തിരൂർ നഗരത്തിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റിലും പൂക്കച്ചവടം കൂടുതലായി നടക്കുന്ന സെൻട്രൽ ജംഗ്ഷനിലുമെല്ലാം വൻതിരക്കാണ് അനുഭവപ്പെട്ടത്.
കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പ്രയാസം നേരിട്ട അവസ്ഥയിലായിരുന്നു തിരക്ക് . തിരൂർ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിലെ ജംഗ്ഷനുകളിൽ പൊലീസുകാരെ ട്രാഫിക് നിയന്ത്രണത്തിന് നിറുത്തിയിരുന്നു. തിങ്കളാഴ്ച അവധി ദിവസമല്ലാത്തതിനാൽ ഗവ.ജോലിക്കാർക്കടക്കം സമയത്തിന് ഓഫീസിലെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ ഒൻപതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് നേരിട്ടത്. രാത്ര എറെ വൈകിയും തത്‌സ്ഥിതി തുടർന്നു. നാളെ തിരുവോണമായതിനാൽ ഇന്നുംസ്ഥിതി വ്യത്യസ്തമാകാനിടയില്ല. നഗരത്തിൽ മൂന്ന് കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂറോളം സമയമെടുക്കുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
അതേസമയം, നഗരത്തിലെ ഗതാഗതം തടസപ്പെട്ടപ്പോൾ ഓട്ടോറിക്ഷക്കാർ ഒരു കിലോമീറ്റർ യാത്രയ്ക്ക് 60 രൂപ വരെ ഈടാക്കിയതായി പരാതി ഉയർന്നു. ഗതാഗത തടസം കാരണം മണിക്കൂറുകൾ വെറുതെ പോകുകയാണെന്നും ഇരട്ടിച്ചാർജ് തന്നാലേ ഓട്ടം പോകൂ എന്നുമായിരുന്ന പല ഓട്ടോഡ്രൈവർമാരുടെയും നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |