SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

വെയിലേറ്റ് വാടാതിരിക്കാൻ നൊങ്കാണ് ബെസ്റ്റ്

nong

പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസം പകർന്ന് നൊങ്ക്. കൃത്രിമത്വങ്ങൾ യാതൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്ക് ജ്യൂസിന് ആവശ്യക്കാരേറെയാണ്. നഗരവീഥികളിലും ഗ്രാമപ്രദേശങ്ങളിലും ചൂട് കൂടിയതോടെ നൊങ്കിന്റെ വില്പനയും കൂടി. ചിലയിടങ്ങളിൽ നൊങ്ക് മാത്രമായി ലഭിക്കുമ്പോൾ ചിലയിടത്ത് നൊങ്കും പഴവർഗങ്ങളും ചേർത്തുള്ള ജ്യൂസാണ്. ഫ്രഷ് നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്.

വലിയ കടകൾക്ക് പുറമേ പാതയോരങ്ങളിൽ ചെറിയ തട്ടുകടകളിലും വില്പന സജീവമാണ്. 10 എണ്ണം നൂറു രൂപയ്ക്കും 12 എണ്ണം നൂറു രൂപയ്ക്കും നൊങ്ക് വില്പനയുണ്ട്. ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പൊതുവേ പറയുന്നത്. മായങ്ങളൊന്നും ചേരാത്തതിനാൽ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്.

ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്. നാടൻ കരിക്കും തമിഴ്നാട്ടിൽ നിന്നെത്തുന്ന കരിക്കും വില്പനയ്ക്കുണ്ട്. മുപ്പത്തിയഞ്ച്, നാൽപ്പത് എന്നിങ്ങനെയാണ് കരിക്കിന് വില. കരിക്ക് കുടിക്കുന്നവർക്ക് ഒരു ഗുണവുമുണ്ട്. ദാഹമകറ്റുന്നതോടൊപ്പം കരിക്ക് തിന്ന് ചെറിയ വിശപ്പുമകറ്റാം.

സീസണായതോടെ തണ്ണിമത്തന്റെ വില്പനയും കൂടിയിട്ടുണ്ട്.

നൊങ്ക് കൂടുതലായി എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്

നൊങ്ക് കൂടുതലും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നാണ് നൊങ്ക് കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ നൊങ്കുകൾ ഇവിടേക്ക് എത്തിച്ചുകൊടുക്കാനും ഇടനിലക്കാരുണ്ട്. ഇപ്പോൾ പനകയറാൻ പുതിയ തലമുറയിൽപ്പെട്ടവർ കുറവായതിനാലും കൂലി വർദ്ധനവും തമിഴ്നാട്ടിൽ പനകൾ മുറിച്ച് മറ്റ് കൃഷികളിലേക്കു തിരിയുകയും ചെയ്തതോടെ ഏക്കറുകണക്കിന് പനകൾ വെട്ടിമാറ്റപ്പെട്ടു. ഇതോടെ നൊങ്കിനും ക്ഷാമമായിത്തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL