SignIn
Kerala Kaumudi Online
Saturday, 27 June 2026 1.12 AM IST

മുതലമടയിൽ കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം

 വരുന്ന വെള്ളം കലങ്ങിയത്
 ലോറികളിൽ വെള്ളമെത്തിച്ച് പഞ്ചായത്ത്

മുതലമട: അഞ്ച് ഡാമുകളുണ്ടായിട്ടും കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്തായ മുതലമടയിൽ കുടിവെള്ള പ്രതിസന്ധി അതിരൂക്ഷമായി. പഞ്ചായത്ത് ലോറികളിൽ കുടിവെള്ളമെത്തിയ്ക്കുന്നുണ്ടെങ്കിലും ഇതു പര്യാപ്തമാകുന്നില്ല. ആദിവാസിമേഖലയായ തേക്കടിയിലും കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുകയാണ്.
പഞ്ചായത്തിലെ മീങ്കര കുടിവെള്ള പദ്ധതിയും ചെമ്മണാംതോട് ചെമ്മണാംപതി തുടങ്ങിയിടങ്ങളിലുള്ള ജൽജിവൻമിഷൻ പദ്ധതിയും പഞ്ചയത്തിൽ പൂർത്തിയായിട്ടില്ല. പത്തിച്ചിറ, മേപ്പാടം, കാടംകുറിശ്ശി, പരിവക്കുളം, നീളിപ്പാറ, ചെമ്മണാംതോട്, തേക്കടി, ഗോവിന്ദാപുരം, ചുടുക്കാട്ടവാര, തുടങ്ങിയിടങ്ങളിൽ കുടിവെള്ള കണക്ഷനുകൾ നാളിതുവരെയായി എത്തിയിട്ടില്ല. ജൽ ജീവൻ മിഷൻ പദ്ധതികൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഭൂഗർഭജലം താഴ്ന്ന് പോയതിനാൽ മീങ്കര കുടിവെളള പദ്ധതിയിലെയും പ്രദേശിക ജലനിധി പദ്ധതികളിലെയും കുഴൽ കിണറുകളിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന് നിറവ്യത്യാസമുണ്ട്. ഇത് കുടിക്കാൻ പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
156.36 മീറ്റർ സംഭരണശേഷിയുള്ള മീങ്കര അണക്കെട്ടിൽ നിലവിൽ 151.94 മീറ്റർ ജലം സംഭരിച്ചിട്ടുണ്ട്. 50 ലക്ഷം ലിറ്റർ വെള്ളമാണ് മീങ്കര പ്ലാന്റിന്റെ ഫിൽട്രേഷൻ കപ്പാസിറ്റി. ഫിൽട്ടർ ചെയ്യുന്ന വെള്ളം കാളികാവിലെ 7 ലക്ഷം ലിറ്റർ ടാങ്കിലും ചെമ്മണാമ്പതിയിലെ ആറ് ലക്ഷം ടാങ്കിലും സംഭരിച്ചാണ് മുതലമട പഞ്ചായത്തിൽ വിതരണം നടത്തുന്നത്. വേനൽകടുത്താൽ പഞ്ചായത്തിലെ ഭൂരിഭാഗം ഇടങ്ങളിലും ഇപ്രകാരം പമ്പ് ചെയ്യുന്ന വെള്ളമെത്താറില്ല.
കുടിവെള്ള പ്രതിസന്ധി ഉടൻ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അതികൃതരേയും ജനപ്രതിനിധികളെയും സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ ഒരുക്കം.

മുതലമടയിലെ കുടിവെള്ള പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വാട്ടർ അതോറിറ്റി. പമ്പ് ചെയ്യുന്ന സമയം കൂട്ടിയും വെള്ളത്തിന്റെ ആവശ്യം കൂടുതലുള്ള ഇടങ്ങളിൽ വെള്ളത്തിന്റെ ഗതി നിയന്ത്രിച്ചും കൂടുതൽ വെളളമെത്തിയ്ക്കാനാണ് ആലോചിക്കുന്നത്. സാദ്ധ്യമായ രീതിയിൽ പ്രതിസന്ധി പരിഹരിയ്ക്കും. എ.ആരിഫ്, വാട്ടർ അതോറിറ്റി, അസിസ്റ്റന്റ് എൻജിനീയർ

വർഷങ്ങളായിട്ടുള്ള കുടിവെള്ള പ്രതിസന്ധി മുടങ്ങാതെ അധികൃതരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ പെടുത്താറുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെളള പ്രശ്നത്തിന് നാളിതുവരെയായി യാതൊരു പരിഹാരവുമായിട്ടില്ല. ജൽജിവൻ മിഷനും അപൂർണമാണ്. ആരോട് പറയാൻ ? ആര് കേൾക്കാൻ ?
ബീന ഷാജി, ചെമ്മണാംതോട്, മുതലമട, പൊതുപ്രവർത്തക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL