SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

ഓണച്ചന്ത ലക്ഷ്യമാക്കി വാഴക്കൃഷി സജീവം

banana

 വിലയിടിവ് ഭീഷണിയായിട്ടും പ്രതീക്ഷ കൈവിടാതെ കർഷകർ

ആലത്തൂർ: ഓണവിപണി ലക്ഷ്യമാക്കി മലയോര മേഖലയിലും നാട്ടിൻപുറങ്ങളിലുമായി നേന്ത്രവാഴക്കൃഷി വ്യാപകമായി. സ്വന്തം സ്ഥലങ്ങളിലും പാട്ടത്തിനെടുത്ത ഭൂമികളിലുമായി ആയിരക്കണക്കിന് വാഴകളാണ് കർഷകർ ഇത്തവണ നട്ടുപിടിപ്പിച്ചിരിക്കുന്നത്. വിലയിലെ അനിശ്ചിതത്വവും രോഗഭീഷണിയും തുടരുമ്പോഴും മികച്ച വരുമാനം പ്രതീക്ഷിച്ചാണ് കർഷകർ വീണ്ടും കൃഷിയിറങ്ങുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി നേന്ത്രക്കായ വിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. കൃഷിക്കായി വലിയ തുക ചെലവഴിച്ച് വിളവെടുപ്പിനൊരുങ്ങുമ്പോഴേക്കും വില കുത്തനെ താഴുന്നത് കർഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഏതാനും മാസം മുമ്പ് നേന്ത്രക്കായ മൊത്തവില കിലോയ്ക്ക് 26 രൂപവരെ താഴ്ന്നിരുന്നു. ഒന്നാംതരമല്ലാത്ത കായകൾ ഇതിലും കുറഞ്ഞ നിരക്കിൽ വിറ്റഴിക്കേണ്ടിവന്നതായും കർഷകർ പറയുന്നു. എന്നാൽ നിലവിൽ വിപണിയിൽ നേന്ത്രക്കായയ്ക്ക് വീണ്ടും ആവശ്യകത ഉയർന്നിരിക്കുകയാണ്. മൊത്തവില 35 രൂപയ്ക്ക് മുകളിലെത്തിയപ്പോൾ ചില്ലറവില 50 രൂപവരെയും കടന്നിട്ടുണ്ട്. 'തനി നാടൻ' എന്ന പേരിൽ ചില വ്യാപാരികൾ കൂടുതൽ വില ഈടാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. വിപണന കേന്ദ്രങ്ങളിലേക്ക് ഇപ്പോൾ നാട്ടിൻപുറങ്ങളിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവ് കുറഞ്ഞിരിക്കുകയാണ്. ലഭിക്കുന്ന കായകൾ പോലും വ്യാപാരികൾ ഉടൻ വാങ്ങിക്കൊണ്ടുപോകുന്ന സാഹചര്യമാണ്. സ്‌കൂളുകൾ തുറക്കുന്നതോടെ ചിപ്സ് ഉൾപ്പെടെയുള്ളവയുടെ വില്പന വർദ്ധിക്കുമെന്നും അതോടെ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അതേസമയം വേനൽമഴയ്‌ക്കൊപ്പമെത്തുന്ന ശക്തമായ കാറ്റ് കൃഷിക്ക് വെല്ലുവിളിയാകുകയാണ്. വാഴകൾ ഒടിയാതിരിക്കാനായി താങ്ങുകാൽ നൽകി സംരക്ഷിക്കേണ്ട സാഹചര്യമുണ്ട്. കൂടാതെ കൂമ്പടയൽ, പിണ്ടിരോഗം തുടങ്ങിയവയിൽ നിന്ന് കൃഷിയെ രക്ഷിക്കാനും വലിയ ജാഗ്രത വേണമെന്ന് കർഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL