പാലക്കാട്: കാർഷിക വായ്പകളും താങ്ങുവില വിതരണവും അഗ്രിസ്റ്റാക്ക് എന്ന ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മാറ്റാൻ തയ്യാറെടുത്ത് കേന്ദ്രം. പ്രധാനമന്ത്രി കൃഷി സമ്മാൻ ലഭിക്കാനും ഇത് നിർബന്ധമാക്കിയിരുന്നു. സംസ്ഥാനത്ത് ഇതിനോടകം 22 ലക്ഷം പേർ അഗ്രിസ്റ്റാക്കിൽ രജിസ്റ്റർചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സബ്സിഡിയോടെയുള്ള സ്വർണപ്പണയ കാർഷിക വായ്പ, നാമമാത്ര പലിശയുള്ള മറ്റ് കാർഷിക വായ്പകൾ, താങ്ങുവില, സംഭരണം, വിള ഇൻഷ്വറൻസ് എന്നിവയെല്ലാം കേന്ദ്രസംസ്ഥാന സാമ്പത്തിക പങ്കാളിത്തമുള്ളതാണ്. ഇത്തരം കാര്യങ്ങളിലെല്ലാം അഗ്രിസ്റ്റാക്ക് വിവരങ്ങളാണ് ഇനി അടിസ്ഥാനം. സമാനമായ സേവനങ്ങൾ നൽകുന്ന കതിർ, എയിംസ് എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കേരള കൃഷിവകുപ്പിനുണ്ട്. കേന്ദ്ര -സംസ്ഥാന പങ്കാളിത്തമുള്ള കാര്യങ്ങളിൽ ഇവിടത്തെ കൃഷിക്കാർ സംസ്ഥാന പ്ലാറ്റ്‌ഫോമുകളിലേക്കും വിവരം നൽകേണ്ടതുണ്ടോ അതോ അഗ്രിസ്റ്റാക്കിനെ മാത്രം ആശ്രയിച്ചാൽ മതിയോ എന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല. എയിംസിലെ വിവരങ്ങൾ അഗ്രിസ്റ്റാക്കിന് ആദ്യഘട്ടത്തിൽ കേരളം കൈമാറിയിരുന്നു.
ഒറ്റക്ലിക്കിൽ വിവരങ്ങൾ ലഭ്യമാകും
ഡിജിറ്റൽ സർവീസ് കേന്ദ്രങ്ങൾവഴി സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ രജിസ്റ്റർചെയ്യാം. സംസ്ഥാനങ്ങൾ റവന്യൂവകുപ്പ് സഹായത്തോടെ കർഷകന്റെ ഭൂമിയുടെ അളവ്, വിളവ്, അതിര് തുടങ്ങിയ വിവരങ്ങൾ സമാഹരിച്ച് അഗ്രിസ്റ്റാക്കിലേക്ക് നൽകും. കർഷകന്റെ അടിസ്ഥാന വിവരങ്ങൾ രാജ്യത്ത് ഒറ്റ ഡേറ്റയായി മാറും. തിരിച്ചറിയൽ നമ്പരും കിട്ടും. പിന്നീട് ഓരോ ആവശ്യത്തിനും ഭൂവിവരങ്ങളും വ്യക്തിവിവരങ്ങളും കർഷകർ നൽകേണ്ടതില്ല. ഏത് ബാങ്കിലും കർഷകന്റെ ഭൂവിവരം അടക്കം ലഭ്യമാകും.
ഗുണദോഷങ്ങൾ
കാർഷിക വായ്പകൾ കർഷകരല്ലാത്തവർ ദുരുപയോഗം ചെയ്യുന്നത് ഒഴിവാകും. എന്നാൽ കാർഷിക കാര്യങ്ങൾക്കല്ലാതെ ചെറുകിട വ്യക്തിഗത ആവശ്യങ്ങൾക്കും കാർഷിക വായ്പയെടുക്കുന്ന കർഷകരുണ്ട്. ഭൂമി വിശകലനം ചെയ്ത് കൃഷിക്കാണോ എന്ന് പരിശോധിച്ചാൽ ഇത് നടക്കാതെവരും.
കാർഷിക സ്വർണപ്പണയ വായ്പകൾക്ക് നിലവിലുള്ള നിയന്ത്രണം കൂടുതൽ ശക്തമാകും.
നെല്ലുസംഭരണത്തിലും മറ്റും മറ്റൊരാളിന്റെ വയലിന്റെ വിവരംകൂടി നൽകി അധികസഹായം നേടുന്ന ചില തട്ടിപ്പുകൾ സംസ്ഥാന വിജിലൻസ് കണ്ടെത്തിയിരുന്നു. അവ ഒഴിവാകും. ഓരോ വ്യക്തിയുടെ പ്ലോട്ടും ഡിജിറ്റലായി വേർതിരിച്ച നിലയിലാണ് പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കുക.
സംഭരിച്ച ധാന്യമാണോ സംസ്‌കരിച്ച് വിതരണത്തിന് നൽകിയതെന്ന് അറിയാം.
പാട്ടകൃഷി ചെയ്യുന്നവർക്ക് ആശങ്ക. അവർക്ക് ഭൂവുടമയുടെ ഭൂവിവരം നൽകി രജിസ്റ്റർ ചെയ്യാമോ എന്നതിൽ ആശയക്കുഴപ്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |