SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

ലക്ഷങ്ങളുടെ അനധികൃത ഓൺലൈൻ ലോട്ടറി കച്ചവടം

lottery
.

 ഗോവിന്ദാപുരത്ത് വീണ്ടും മൂന്നു പേർ പിടിയിൽ

മുതലമട: കേരള ഭാഗ്യക്കുറിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി ഓൺലൈൻ വഴി വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിൽ. കൊല്ലങ്കോട് പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ വൻ ലോട്ടറി ശേഖരവും പിടിച്ചെടുത്തു. കൊല്ലങ്കോട് എസ്.ഐയും സംഘവും ഗോവിന്ദാപുരം എം. പുതൂർ പാൽപാത സ്ട്രീറ്റിൽ നടത്തിയ റെയ്ഡിൽ പൊള്ളാച്ചി സ്വദേശി വി.പാർത്ഥസാരഥി (31), ആനമല മഹാളിയമ്മൻ കോവിൽ സ്ട്രീറ്റ് ചെമ്മേട് പി.ദിനേഷ്‌കുമാർ (28), ചെമ്മേട് ആനമല രമ്യ ദിനേഷ്‌കുമാർ (29) എന്നിവരാണ് പിടിയിലായത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 80 ഓളം സെറ്റ് കേരളാ ലോട്ടറിയും അഞ്ചു മൊബൈൽ ഫോണും ഒരു ലാപ് ടോപ്പും കസ്റ്റഡിയിലെടുത്തു. പ്രതികൾ ദിവസേന ലക്ഷങ്ങളുടെ അനധികൃത കച്ചവടം നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കഴിഞ്ഞ മാസങ്ങളിൽ മാത്രം കോടികളുടെ അനധികൃത കച്ചവടം നടന്നിട്ടുണ്ടെന്നും ഓണക്കാലം മുന്നിൽ കണ്ട് തമിഴ്നാട് അതിർത്തി പ്രദേശമായ മുതലമട, ഗോവിന്ദാപുരം, ചെമ്മണാംപതി, മീനാക്ഷിപുരം ചെക്ക് പോസ്റ്റ് പ്രദേശങ്ങൾ ലോട്ടറി മാഫിയകൾ പൂർണ്ണമായും കൈയടക്കിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കേരള ലോട്ടറിയുടെ അനധികൃത വിൽപ്പനയെക്കുറിച്ചും സാമൂഹിക മാധ്യമങ്ങൾ വഴി കോടികളുടെ കച്ചവടം നടക്കുന്നതിനെക്കുറിച്ചും കേരള കൗമുദി കഴിഞ്ഞയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട് പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ മുതലമട ഗോവിന്ദാപുരത്ത് തെങ്ങിൻതോപ്പിനുള്ളിൽ ഒളിപ്പിച്ച് കച്ചവടം നടത്തിയ ഗോവിന്ദാപുരം സ്വദേശി ഗൗതംരാജ് പിടിയിലായിരുന്നു. നൂറുകണക്കിന് കേരള ലോട്ടറി ടിക്കറ്റുകൾ, അക്കൗണ്ട് ബുക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തിരുന്നു. ഒറിജിനൽ കേരള ലോട്ടറി ടിക്കറ്റിന്റെ നമ്പർ വെച്ച് ഒരേ ടിക്കറ്റ് പലർക്കായി ഫോട്ടോകോപ്പി എടുത്ത് വിൽക്കുന്ന തട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രധാനമായും ഈ തട്ടിപ്പ്. ചെറിയ സമ്മാനം കിട്ടുന്നവർക്ക് പണം നൽകി വിശ്വാസം നേടിയ ശേഷം വലിയ സമ്മാനം അടിക്കുമ്പോൾ മുങ്ങുന്നതാണ് രീതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL