SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

സ്‌ക്വാഡ് പരിശോധനയ്ക്കും 'വഴങ്ങാതെ' കൃത്രിമക്കള്ള്

toddy
.പ്രതീകാത്മകചിത്രം

പാലക്കാട്: ചിറ്റൂർ മേഖലയിലെ കള്ളുഷാപ്പുകളിൽ കൃത്രിമക്കള്ള് എത്തുന്നതായി ആരോപണം ശക്തം. എക്‌സൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് പരിശോധന നടത്തിയെങ്കിലും അനധികൃത ഉത്പാദനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ചിറ്റൂർ മേഖലയിലെ ഏകദേശം 1,100 തോപ്പുകളിൽ നടത്തിയ പരിശോധനയിൽ കള്ളുചെത്താത്ത തോപ്പുകൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. പ്രവർത്തനരഹിതമായ തോപ്പുകളുടെ പേരിൽ നൽകിയ പെർമിറ്റുകൾ റദ്ദാക്കുമെന്നും വീഴ്ചകൾ സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനകൾക്ക് ശേഷവും പഴയ പെർമിറ്റുകളുടെ മറവിൽ വിവിധ ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നത് തുടരുകയാണെന്നാണ് പരാതി. ഷാപ്പുകളിലെത്തുന്ന കള്ളിന്റെ ഗുണനിലവാരം കുറഞ്ഞതോടെ ഉപഭോക്താക്കൾ കുറയുകയും വിൽപ്പന കുത്തനെ താഴുകയും ചെയ്തതായി തൊഴിലാളികൾ പറയുന്നു. പല ഷാപ്പുകളിലും പ്രതിദിന വിൽപ്പന 10 ലിറ്ററിൽ താഴെയായി കുറഞ്ഞതായും ഇതുമൂലം ശമ്പളവും ഡി.എ. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മുടങ്ങുന്നതായും തൊഴിലാളികൾ പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. നിലവാരമില്ലാത്ത കള്ള് വാഹനങ്ങളിൽ എത്തിച്ച് ഷാപ്പുകളിൽ ഇറക്കുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സ്ഥിരം ഉപഭോക്താക്കൾ പോലും കള്ളിന്റെ ഗുണനിലവാരത്തെച്ചൊല്ലി തൊഴിലാളികളുമായി തർക്കിക്കുന്ന സാഹചര്യമുണ്ടെന്നും പരാതിയിൽ പറയുന്നു. അബ്കാരി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഷാപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുകയും നിലവാരമുള്ള കള്ള് മാത്രമാണ് ഷാപ്പുകളിൽ എത്തുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

English Summary

Allegations are growing that adulterated toddy is being supplied to toddy shops in the Chittur region. Although the Excise Department conducted inspections by deploying special squads, complaints persist that it has failed to curb the illegal production.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHITTUR, ADULTERATED TODDY, TODDY SHOPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL