
കണ്ണൂർ:കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെപ്രകൃതി രമണീയമായ അരിയിൽ വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് സോഫ്റ്റ്‌വെയർ എൻജിനീയർ കെ.വി.ജിജീഷ് (42)ഒരുക്കിയ അത്ഭുതകാഴ്ചയും തൊട്ടടുത്തുണ്ട്. ഫാം ടൂറിസമെന്ന ലക്ഷ്യവുമായി അഞ്ചേക്കറിൽ വ്യാപിച്ചു കിടക്കുന്ന കൃഷിയിടത്തിൽ എൺപതോളം പശുക്കളുമായി ക്ഷീരവിപ്ളവം തീർക്കുകയാണ് ഈ യുവാവ്.
2017ൽ വെറും മൂന്ന് പശുക്കളിൽ നിന്നാരംഭിച്ചതാണ് ജിജീഷിന്റെ ഫാം. പ്രതിദിനം 150 ലിറ്ററോളം ഗുണമേന്മ കൂടിയ എ -2 ബീറ്റാ കസീൻ പ്രോട്ടീൻ പാലും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂക്കുകയറില്ലാതെ മേയുന്നവയാണ് ജിജീഷിന്റെ പൈക്കൾ. ഇവയെ കുളിപ്പിക്കാനായി ചെറുകുളങ്ങൾ, വെയിൽ കൊള്ളുന്നതിനുള്ള ഇടങ്ങൾ ഉൾപ്പെടെ ഒരു ഏക്കർ സ്ഥലം മാറ്റിവച്ചിട്ടുണ്ട്. കറവ പൂർണമായും യന്ത്രസഹായത്തോടെയാണ്.ചോളപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് പുറമെ റാഗി, ചോളം, കടലപ്പിണ്ണാക്ക് തുടങ്ങിയ ധാന്യങ്ങളുടെ കൂട്ടും ഉൾപ്പെട്ട തീറ്റ ഫാമിൽ തന്നെയാണ് തയ്യാറാക്കുന്നത്.
ചീമേനി എൻജിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബി.ടെക് ബിരുദധാരിയായ ജിജീഷിന് 21-ാം വയസ്സിൽ കാമ്പസ് റിക്രൂട്ട്മെന്റ് വഴി തിരുവനന്തപുരം ടെക്‌നോപാർക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പതിനേഴു വർഷം ജപ്പാൻ, ബെംഗളൂരു എന്നിവിടങ്ങളിൽ ജോലി ചെയ്തു. നാട്ടിൽ ഒരു സംരംഭം എന്ന ആഗ്രഹമാണ് ക്ഷീരമേഖലയിലേക്കെത്തിച്ചത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വന്തം ഫാമിൽ ബ്രീഡ് ചെയ്‌തെടുത്ത ഗീർ, സഹിവാൾ, റെഡ് സിന്ധി, താർപാർക്കർ ഉൾപ്പെടെ പതിനാലിനം പശുക്കളാണ് ജിജീഷിന്റെ ഫാമിലുള്ളത്.അദ്ധ്യാപികയായ വർഷയാണ് ഭാര്യ . മക്കൾ: അനാമിക, ആത്മിക.
എ-2 പാൽ റെഡി
ഗുണനിലവാരം കൂടിയ എ-2 പാലിന് ലിറ്ററിന് 100 രൂപയും നെയ്യിന് കിലോയ്ക്ക് 1600 രൂപയുമാണ് വില. ഉയർന്ന വിലയിലും ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന് ജിജീഷ് പറഞ്ഞു.കർഷകനായ ഗംഗാധരന്റെയും പത്മാക്ഷിയുടെയും മകനാണ് ജിജീഷ്, ഗുണനിലവാരമുള്ള എ-2 പാലിനെ ഒരു കർഷക ബ്രാൻഡ് ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. 2024ൽ മികച്ച സംരംഭക കർഷകനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അവാർഡും ഈ വർഷം ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കർഷകനുള്ള അവാർഡും ജിജീഷ് നേടിയിരുന്നു.
വിപണിമൂല്യം കൂടുതൽ
പാലിൽ അടങ്ങിയ പ്രോട്ടീന്റെ പേരാണ് കേസീൻ. പ്രോട്ടീന്റെ അടിസ്ഥാന ഘടകമാണ് അമിനോ അമ്ളങ്ങൾ.ഇവയിൽ 67–ാമത്തെ കണ്ണിയായി ഹിസ്റ്റഡിൻ എന്ന അമിനോ അമ്ളം ഉള്ള പാൽ എ–1. ഹിസ്റ്റഡിന്റെ സ്ഥാനത്ത് പ്രോളിൻ എന്ന അമിനോ അമ്ലം വന്നാൽ എ–2 മിൽക്ക് ലഭിക്കും.ആരോഗ്യപരമായ ഗുണങ്ങളാൽ എ 2 പാലിനാണ് വിപണിമൂല്യം കൂടുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |