പത്തനംതിട്ട : തിരഞ്ഞെടുപ്പിൽ കൃത്യമായ നിലപാടുണ്ട് യുവവോട്ടർമാർക്ക്. മുന്നണി നോക്കി വോട്ട് ചെയ്യുന്നവരേക്കാൾ വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ. രാഷ്ട്രീയം നോക്കി മാത്രം ഭരണത്തെ വിലയിരുത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുന്നു യുവവോട്ടർമാർ.
♦അക്ഷയ് എം
എം.ബി.എ വിദ്യാർത്ഥി
സർക്കാർ തൊഴിലില്ലായ്മയിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും ശ്രദ്ധ നൽകണമായിരുന്നു. കണ്ണിൽ പൊടിയിട്ട് ആളുകളെ പറ്റിയ്ക്കുന്ന തരത്തിലുള്ള മേനിപറച്ചിലിൽ താൽപര്യമില്ല. കേരളത്തിന്റെ ഭാവി വികസനത്തിന് നിലവിലുള്ള മുന്നണികൾ പര്യാപ്തമാണെന്ന് തോന്നുന്നില്ല.
ശങ്കർ ദാസ് വിജയൻ
കോൺടെന്റ് എഡിറ്റർ, ആറൻമുള
കേരളത്തിലെ യുവാക്കൾക്കിടയിലെ വിദേശ കുടിയേറ്റം ചർച്ചവിഷയം ആക്കണമെന്നാണ് ആഗ്രഹം. മുന്നണിയുടെ വികസന വാഗ്ദാനങ്ങൾ നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. യുവാക്കൾ പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് കൂടുതൽ തൊഴിലാവസരങ്ങൾ, സ്റ്റാർട്ട് അപ്പുകൾ, ബിസിനസ് പിന്തുണ എന്നിവയാണ്.
അഭിജിത് ഹരികുമാർ,
കമ്പ്യൂട്ടർ എൻജിനീയർ, അടൂർ
രാഷ്ട്രീയത്തിൽ യുവാക്കളുടെ സാന്നിദ്ധ്യം ഉണ്ട്. പക്ഷെ യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ല. ആരെയും വളർത്തിക്കൊണ്ട് നാടിന് ഉപയോഗമുള്ളതാക്കാൻ ഒരു മുന്നണിയും ശ്രമിക്കുന്നില്ല. സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിനാണ് മുൻഗണന.സോഷ്യൽ മീഡിയ പ്രചരണം എന്റെ വോട്ടിങ്ങിനെ സ്വാധീനിക്കാറില്ല.
ഷാരോൺ ഷിബു,
ബിരുദ വിദ്യാർത്ഥിനി
വിലക്കയറ്റം പരിഹരിക്കുന്നതിൽ സർക്കാർ പിന്നിലായിപ്പോയി. സാധാരണക്കാരനെ മനസിലാക്കുന്നില്ല. അർഹരായ, വിദ്യാഭ്യാസ യോഗ്യത ഉള്ള രാഷ്ട്രീയ നേതാക്കൾ അധികാരത്തിൽ വരണം. സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിന് പ്രാധാന്യം നൽകും. സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്റെ വോട്ടിങ്ങനെ ബാധിക്കാറില്ല.
നന്ദന ജി കൃഷ്ണൻ,
ബിരുദ വിദ്യാർത്ഥിനി
തൊഴിൽ ഇല്ലായ്മ പരിഹരിക്കാനും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്താനും സർക്കാരിന് കഴിയണം. യുവാക്കൾക് രാഷ്ട്രീയത്തിൽ അത്ര മുൻഗണന ഉള്ളതായി തോന്നിയിട്ടില്ല. പുതിയ സർക്കാരിൽ നിന്ന് യുവാക്കളുടെ പ്രതിനിധിയെ ആണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ഭാവി വികസനങ്ങൾ സാദ്ധ്യമാകാൻ കരുത്തുള്ള മുന്നണി വരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |