SignIn
Kerala Kaumudi Online
Monday, 27 April 2026 4.00 AM IST

മലയോര ഗ്രാമങ്ങൾക്ക് ആന്റിവെനം അകലെ

Increase Font Size Decrease Font Size Print Page
antivenam

പത്തനംതിട്ട : ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതോടെ ആന്റിവെനം കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കിയെങ്കിലും ജി​ല്ലയി​ലെ കിഴക്കൻ മലയോര ഗ്രാമങ്ങൾക്ക് ഇതി​ന്റെ പ്രയോജനം ലഭി​ക്കുന്നി​ല്ല. ആന്റിവെനം ലഭ്യമാകുന്ന ആശുപത്രി​കൾ ഏറെ അകലെയായതി​നാലാണി​ത്. അട്ടത്തോട് , മഞ്ഞത്തോട് , ളാഹ, നിലയ്ക്കൽ പ്രദേശങ്ങളിലുള്ളവർക്ക് ആന്റിവെനം ലഭ്യമാകുന്ന ആശുപത്രിയിലെത്തണമെങ്കിൽ അൻപതിലധികം കിലോ മീറ്റർ സഞ്ചരിക്കണം. വനാതി​ർത്തി​യായതി​നാൽ ഇഴജന്തുക്കൾ കൂടുതലായുള്ള പ്രദേശം കൂടിയാണിത്. അട്ടത്തോടും മഞ്ഞത്തോടും ആദിവാസി കോളനികളുമുണ്ട്. അടച്ചുറപ്പില്ലാത്ത ഷെഡുകളിൽ അന്തിയുറങ്ങുന്നവരും ഇവിടെ നിരവധിയാണ്.

50 കിലോമീറ്റർ സഞ്ചരിക്കണം

ജില്ലയിൽ 16 ആശുപത്രികളിലാണ് ആന്റിവെനം ലഭിക്കുക. ഇതിൽ അട്ടത്തോട്, മഞ്ഞത്തോട്, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ പ്രദേശങ്ങളിലുള്ളവർക്ക് ഏറ്റവും അടുത്തുള്ളത് റാന്നി താലൂക്ക് ആശുപത്രിയും പത്തനംതിട്ട ജനറൽ ആശുപത്രിയുമാണ്. റാന്നി താലൂക്ക് ആശുപത്രിയിലെത്താൻ അൻപത് കിലോമീറ്ററും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്താൻ 66 കിലോമീറ്ററും സഞ്ചരിക്കണം. അല്ലെങ്കിൽ മറ്റുജില്ലയെ ആശ്രയിക്കേണ്ടിവരും.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രവുമാണ് ഈപ്രദേശത്തുള്ളവരുടെ അടുത്തുള്ള മറ്റുരണ്ട് ആശുപത്രികൾ. കാഞ്ഞിരപ്പള്ളിയിലേക്ക് 46 കിലോ മീറ്രറും എരുമേലിയിലേക്ക് 30 കിലോമീറ്ററുമാണുള്ളത്. ഇത്രയും ദൂരം സഞ്ചരിക്കുമ്പോൾ തന്നെ അപകട സാദ്ധ്യതയേറുകയാണ്.

നി​ലയ്ക്കലി​ൽ ആന്റിവെനം ഉറപ്പാക്കണം

പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളിൽ ആന്റിവെനത്തിനുള്ള സൗകര്യമുണ്ടെങ്കിൽ അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി നിവാസികൾക്ക് നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിച്ചാൽ മതിയാകും. അട്ടത്തോട് ഹരിജൻ, ഗിരിജൻ ആദിവാസി ഉന്നതികളിലുള്ളവരും മഞ്ഞത്തോട്ട് ആദിവാസി ഉന്നതികളിലുള്ളവരും കൂടുതലും ആശ്രയിക്കുന്നത് നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്.

എന്താണ് ആന്റിവെനം?

പാമ്പിന്റെ വിഷം ശരീരത്തിലെ കോശങ്ങളെയോ രക്തത്തെയോ നാഡീവ്യൂഹത്തെയോ ബാധിക്കുന്നത് തടയാൻ നൽകുന്ന മരുന്നാണിത്. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന നാല് പ്രധാന വിഷപ്പാമ്പുകളുടെ (അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി) വിഷത്തെ പ്രതിരോധിക്കുന്ന പോളി വാലന്റ് ആന്റിവെനം ആണ് സാധാരണയായി ഉപയോഗിക്കുന്നത്.

ഓർക്കുക: പാമ്പ് കടിയേറ്റാൽ മന്ത്രവാദത്തിനോ പാരമ്പര്യ ചികിത്സകൾക്കോ പുറകെ പോകാതെ, ആന്റിവെനം ലഭ്യമായ ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രിയിലോ വലിയ സ്വകാര്യ ആശുപത്രിയിലോ ഉടൻ എത്തിക്കുക. കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഇപ്പോൾ ആന്റിവെനം സൗജന്യമായി ലഭ്യമാണ്.

വെൽഡിംഗ് തൊഴിലാളിയെ പാമ്പുകടിച്ചു മല്ലപ്പള്ളി : വീട്ടിൽനിന്ന് പണി സാധനങ്ങൾ എടുക്കുമ്പോൾ വെൽഡിംഗ് തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മുരണി സുരഭി നിവാസിൽ രതീഷ് കുമാറിന്റെ (സന്തോഷ് 52) വലതു കൈയുടെ തള്ളവിരലിലാണ് അണലിയുടെ കടിയേറ്റത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആന്റി വെനം നൽകിയശേഷം കോട്ടയം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . ആരോഗ്യനില തൃപ്തികരമാണ്. പെരുമ്പാമ്പുകളെ പിടിച്ചു കോന്നി: തുടർച്ചയായ ദിവസങ്ങളിൽ വീടിന്റെ പരിസരത്ത് പെരുമ്പാമ്പ്. ഇളകൊള്ളൂർ ഓലിക്കലത്ത് നന്ദകുമാറിന്റെ വീടിന്റെ പരിസരത്താണ് ശനിയാഴ്ചയും ഞായറാഴ്ചയും പെരുമ്പാമ്പിനെ കണ്ടത്. ശനിയാഴ്ച വൈകിട്ട് വീടിന്റെ വരാന്തയിൽ നന്ദകുമാർ കുട്ടിയുമായി ഇരിക്കുമ്പോഴാണ് സോപാനത്തിലൂടെ പെരുമ്പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. ഇന്നലെ വീടിന്റെ ഗേറ്റിനു മുമ്പിലും ചെറിയ പെരുമ്പാമ്പിനെ കണ്ടു രണ്ട് പാമ്പുകളെയും വനം വകുപ്പിന്റെ കോന്നി ആർ ആർ ടീം പിടികൂടി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.