തിരുവല്ല : രണ്ടുപതിറ്റാണ്ടായി തിരുവല്ല നിയോജകമണ്ഡലം കുത്തകയാക്കിയ എൽ.ഡി.എഫിനെ പരാജയപ്പെടുത്തി ചരിത്രവിജയം നേടാൻ യു.ഡി.എഫിനെ സഹായിച്ചത് ഐക്യത്തോടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ. പ്രാദേശിക ജനകീയ വിഷയങ്ങളും കുടിവെള്ള പ്രശ്നങ്ങളുമൊക്കെ ചർച്ചയായ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന് തുണയായി. യു.ഡി.എഫ് ഏറെക്കാലം ഭരിച്ച പഴയ കല്ലൂപ്പാറ മണ്ഡലവും കൂടിച്ചേർന്ന തിരുവല്ല മണ്ഡലത്തിൽ യു.ഡി.എഫിന് വിജയിക്കാനായതും വലിയ നേട്ടമായി. കല്ലൂപ്പാറ മണ്ഡലം ഇല്ലാതായശേഷം ആദ്യമായാണ് യു.ഡി.എഫ് ഇവിടെ വിജയക്കൊടി പാറിക്കുന്നത്.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ അഡ്വ.വർഗീസ് മാമ്മൻ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ കെ.എസ്.സി തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗവും തിരുവല്ല പുഞ്ചമണ്ണിൽ ബഥാന്യ കുടുംബാംഗവുമാണ്.
മാർത്തോമ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറിയായിരുന്ന റവ.പി.ഡി. മാമ്മന്റെയും തിരുവല്ല സെന്റ് തോമസ് ടി.ടി.എ. റിട്ട.പ്രിൻസിപ്പൽ സൂസമ്മ മാമ്മന്റെയും ഇളയമകനാണ്. മാർത്തോമാ സഭ അൽമായ ട്രസ്റ്റിയായും വർഗീസ് മാമ്മൻ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ല എസ്.സി.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ വൈനി വർഗീസ് മാമ്മനാണ് ഭാര്യ. മാമ്മൻ വർഗീസ് പുഞ്ചമണ്ണിൽ (സീനിയർ മാനേജർ ബജാജ്, പുനെ), ഡോ.നൈനാൻ വർഗീസ് (ബിലീവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല) എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |