SignIn
Kerala Kaumudi Online
Sunday, 28 June 2026 12.42 AM IST

കോവളം പിടിച്ചെടുക്കാൻ പോരാട്ടം

തിരുവനന്തപുരം: പ്രവചനാതീതമാണ് കോവളം മണ്ഡലത്തിന്റെ മനസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ കോവളത്ത് വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയായ എം.വിൻസെന്റായിരുന്നു.

ബി.ഡി.ജെ.എസിന്റെ വരവോടെ ശക്തമായ ത്രികോണ മത്സരം നടന്ന 2016ലായിരുന്നു ആദ്യമായി എം.വിൻസെന്റ് ജയിച്ചത്. അന്ന് സ്ഥാനാർത്ഥിയായിരുന്ന ടി.എൻ.സുരേഷ് വീണ്ടും സ്ഥാനാർത്ഥിയാകുമ്പോൾ എൻ.ഡി.എ അദ്ഭുതം പ്രതീക്ഷിക്കുന്നു. ഹാട്രിക് നേടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. യുവതാരം ഭഗത് റൂഫസിനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം.

ചോക്ലേറ്റ് മധുരവുമായി വിൻസെന്റ്

സമയം വൈകിട്ട് അഞ്ചര. ബാലരാമപുരം ജംഗ്ഷൻ തിരക്കിലാണ്. അവിടേക്ക് എം.വിൻസെന്റ് കാറിൽ വന്നിറങ്ങി. കാത്തുനിന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ കാട്ടാക്കട റോഡിലേക്ക് കൊണ്ടുപോയി. ആദ്യം ലോട്ടറിക്കടയിലേക്ക്. 'വോട്ടു തന്ന് സഹായിക്കണം." ''ഇത്തവണയും സാറിനു തന്നെ ലോട്ടറി അടിക്കുമെന്ന് കടക്കാരൻ മനോഹരൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. അടുത്തത് പാലാഴി ബേക്കറി. വോട്ട് തന്നിരിക്കുമെന്ന് കടക്കാരന്റെ ഉറപ്പ്. തന്റെ വക ഇരിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഒരു ചോക്ലേറ്റ് എടുത്ത് വിൻസെന്റിനു നൽകി.

വോട്ടുറപ്പല്ലേ ചേട്ടാ...എന്ന് ഭഗത്.

ബാലരാമപുരം- വിഴിഞ്ഞം റോഡിൽ നിന്നും ഉള്ളിലോട്ടുള്ള ചാമവിള. ഒരു ചായക്കടയിൽ കയറിയപ്പോൾ ചായ അടിച്ചുകൊണ്ടിരുന്ന ഷാഹുൽ ഹമീദ് ചോദിച്ചു. 'ക്ഷീണിച്ചുവരികയല്ലേ കടുപ്പത്തിൽ ഒരു ചായ എടുക്കെട്ടെ". വേണ്ടെന്ന് ഭഗത്. ''വോട്ടുറപ്പല്ലേ ചേട്ടാ..."" എന്ന് ഭഗത് ചോദിച്ചപ്പോൾ. "ഉറപ്പിച്ചോളൂ" എന്ന് മറുപടി. അടുത്തൊരു വീട്ടിനു മുന്നലെത്തിയപ്പൾ വലിയ ഗേറ്റ് അടച്ചിരിക്കുന്നു. 'മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ മുട്ടി നോക്കണം." എന്നു പറഞ്ഞാരോ ഗേറ്റിൽ തട്ടി. ഗേറ്റ് തുറന്നു. വോട്ട് ചോദിച്ചപ്പോൾ വീട്ടുകാരിയുടെ മറുപടി ''ആളില്ല,പറയാം.

കുട്ടിക്കൂട്ടത്തേയും കൈയിലെടുത്ത് സുരേഷ്

പൂവാർ 13-ാം വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വോട്ടു തേടുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി കോവളം ടി.എൻ.സുരേഷ്. ഭാര്യ പ്രിയ സുരേഷും ഒപ്പമുണ്ട്. ഒരു റേഷൻ കടയിലെത്തിയപ്പോൾ എല്ലാവരോടും സുരേഷ് കൈകൂപ്പി. 'ഇത്തവണ വോട്ട് താമര ചിഹ്നത്തിന് ചെയ്യണം. മാറ്റം വരണം ചെയ്യില്ലേ?" എന്ന് സുരേഷ്. തീർച്ചയായും ചെയ്യുമെന്ന് എല്ലാവരുടേയും മറുപടി. ഇടുങ്ങിയ വഴിയിലൂടെ നടന്ന് നീങ്ങിയപ്പോൾ ഒരു കുട്ടി ചിരിച്ചുകൊണ്ട് കൈവീശി കാണിക്കുന്നു. അവനെ സുരേഷ് അടുത്തുവിളിച്ചു ''അങ്കിളിന് വോട്ടു ചെയ്യാൻ അച്ഛനോടും അമ്മയോടുമൊക്കെ പറയണം."" പറയാമെന്ന് ആദികേശ് എന്ന ആ കുട്ടിയുടെ ഉറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL