
ഉദിയൻകുളങ്ങര: ഇടതുകര കനാലിന്റെ വിവിധ ഭാഗങ്ങളിൽ കാട് മൂടിയും പാഴ്മരങ്ങൾ വളർന്നും കനാൽ കാണാൻ കഴിയാത്ത അവസ്ഥയിൽ.നെയ്യാറിന്റെ ഇടത് കനാലുകളായ നെടിയാംകോടിൽ നിന്ന് ഉദിയൻകുളങ്ങരയിലേക്കും മലയിൽക്കടയിൽ നിന്ന് പറയ്ക്കോട്ടുകോണം വഴി തവരവിള ഇരുമ്പിൽ ഭാഗത്തേക്കുമുള്ള കനാലാണ് അധികൃതരുടെ അനാസ്ഥയിൽ കാടുമൂടി നശിക്കുന്നത്.കൃഷി ആവശ്യത്തിനും മറ്രുമായി കർഷകരും നാട്ടുകാരും ആശ്രയിക്കുന്ന കനാലിനെ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടപടിയില്ല
നിലവിൽ നെയ്യാർ ഡാമിൽ നിന്ന് വെള്ളം തുറന്നു വിട്ടാലും കനാലിലെ മണ്ണ് നീക്കം ചെയ്താലേ വെള്ളം സുഗമായി ഒഴുകുകയുള്ളൂ. കനാൽ കടന്നുപോകുന്ന മറ്റു പ്രദേശങ്ങളും ഇതുവരെ മഴക്കാല ശുചീകരണങ്ങളോ മറ്റ് പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല.
കൂടാതെ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.പകൽ സമയത്തുപോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മഴക്കാലത്ത് മണ്ണ് മൂടി പാഴ്മരങ്ങൾ കനാലിനുള്ളിൽ വളർന്നു നിൽക്കുന്നത് കണ്ടാൽ കാട് ആണെന്ന് തോന്നുന്ന തരത്തിലായിട്ടും ഇറിഗേഷൻ വകുപ്പ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
അപകടവും കൈയേറ്റവും
കനാലിന്റെ ഇരുഭാഗത്തും കാട് കയറിയതോടെ ഇവിടെ അപകടങ്ങളും തുടർക്കഥയാണ്.ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ കാരണം സ്വകാര്യ വ്യക്തികളുടെ കൈയേറ്റവും വ്യാപകമാണ്.കനാൽ ശുചീകരിച്ച് കർഷകർക്കും കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |