
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അപകട പരമ്പരയ്ക്ക് അറുതി ആകുന്നില്ല. ഹാർബർ നിർമ്മാണത്തിനുശേഷം 81 മരണമാണ് ഇതുവരെ ഇവിടെ നടന്നത്.നൂറുക്കണക്കിന് പേർക്കാണ് അപകടങ്ങളിൽ പരിക്കേറ്റത്. വള്ളവും വലയും തകർന്ന് കോടികളുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായതാണ് അപകട പരമ്പരയിലെ അവസാനത്തേത്. ഇതിൽ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (28) മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷിജിന് (32) വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കേന്ദ്ര വിദഗ്ദ്ധ സംഘമായ സി.ഡബ്ല്യു.പി.ആർ.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ 177 കോടി രൂപയുടെ സമഗ്ര പദ്ധതിക്കാണ് തുടക്കമായിട്ടുള്ളത്. ഈ പുതിയ പഠനത്തിലും മത്സ്യത്തൊഴിലാളികൾ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.പഠനത്തിന്റെ ഭാഗമായി പുലിമൂട്ടിന്റെ നീളം കൂട്ടുകയും അഴിമുഖ പ്രവേശന കവാടം മാറ്റുകയും ചെയ്തു. മാറിയ പ്രവേശന കവാടത്തിന്റെ വെളിച്ചക്കുറവ് വെല്ലുവിളിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇപ്പോഴത്തെ അപകടം നടന്നപ്പോഴും അഴിമുഖത്തെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.
മുതലപ്പൊഴി ഹാർബറിലെ ലേലപുരയിലെ സ്ത്രീകളുടെ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കണം, ഹാർബറിൽ മോഷണം വ്യാപകമായതിനാൽ സി.സി ടിവി ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.
'ജലറാണി"ക്കും വയ്യ
അപകടം നടക്കുമ്പോൾ അടിയന്തരഘട്ടങ്ങളിൽ എത്താനായി കോസ്റ്റൽ പൊലീസിന്റെ ജലറാണി എന്ന ബോട്ടുണ്ടെങ്കിലും ഇതിന്റെ കാലപ്പഴക്കം കാര്യക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ട്. തിര മുറിച്ചു കടക്കാൻ പ്രാപ്തിയുള്ളതാണെങ്കിലും മൂന്നുതവണ എൻജിൻ പണിമുടക്കി. പുതിയ ബോട്ട് വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പരിമിതിയിൽ രക്ഷാപ്രവർത്തനം
മറൈൻ എൻഫോഴ്സ്മെന്റ് മത്സ്യത്തൊഴിലാളികളിൽ നിന്ന് വാടകയ്ക്കെടുത്ത രണ്ട് ചെറുവള്ളങ്ങളിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. താത്കാലികമായി നിയമിച്ച മറൈൻ ഫിഷറീസ് ലൈഫ് ഗാർഡുകൾ കൃത്യമായ ശമ്പളം ലഭിക്കാത്തതിനാൽ മടങ്ങിപ്പോയി.
മണൽ നീക്കവും ഇല്ല
അഴിമുഖത്തെ ആഴക്കുറവ് അപകടത്തിന് പ്രധാന കാരണമാണ്. ആഴക്കുറവ് പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ചന്ദ്രഗിരി ഡ്രഡ്ജർ സാങ്കേതിക കാരണങ്ങളാൽ പണിമുടക്കുന്നത് പതിവായിരുന്നു. അതിനാൽ കാര്യക്ഷമമായി മണൽ നീക്കം നടന്നില്ല.തുടർന്ന് ഉപയോഗശൂന്യമായ ഡ്രഡ്ജർ മടക്കി നൽകി.അഴിമുഖത്തെ പാറ നീക്കലും പൂർണമായ തോതിലായിട്ടില്ല.ഇവയെല്ലാം അപകടങ്ങൾക്ക് ആക്കം കൂട്ടുന്നവയാണ്.
ക്യാപ്ഷൻ: മുതലപ്പൊഴി അഴിമുഖം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |