SignIn
Kerala Kaumudi Online
Friday, 07 August 2026 5.25 AM IST

പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച വധശ്രമ കേസിലെ പ്രതികളെ പിടികൂടി

1

വിഴിഞ്ഞം: വധശ്രമക്കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടുന്നതിനിടെ വിഴിഞ്ഞം പൊലീസിന് നേരെ ആക്രമണം. രണ്ടു പൊലീസുകാർക്ക് പരിക്ക്. ഒരാളുടെ മൂക്കിന് പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പൂങ്കുളം ജംഗ്ഷനിലായിരുന്നു സംഭവം. വിഴിഞ്ഞം സ്‌റ്റേഷനിലെ സി.പി.ഒ സി.പി.രാകേഷ്(35),എസ്.സി.പി.ഒ വി.യു.വിനയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്.
രാജേഷിന്റെ മൂക്കിൽ പ്രതികൾ വിലങ്ങുധരിച്ച കൈകൊണ്ട് ഇടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. വിനയകുമാറിനെ കഴുത്തിൽ താക്കോൽ ഉപയോഗിച്ച് മുറിവേല്പിക്കുകയും ചെയ്‌തു. സംഭവത്തിൽ തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു(24),സഹോദരൻ അനന്തു(21) എന്നിവരെ പിടികൂടി. കഴിഞ്ഞ ദിവസം വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് അനന്തുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

വെങ്ങാനൂർ ജംഗ്ഷനിൽ ബൈക്കിന് സൈഡ് നൽകിയില്ലെന്നതു സംബന്ധിച്ച വാക്കേറ്റത്തിനിടെ സ്‌കൂൾ സ്റ്റേഡിയത്തിൽ അഞ്ചംഗ സംഘവുമായെത്തി പ്രതികൾ വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് മുക്കോലയിൽ വച്ച് ബൈക്കിടിച്ച് വീഴ്‌ത്തിയാണ് വെട്ടിയതെന്നും പൊലീസ് പറഞ്ഞു. തോളിനും മുതുകിനു വെട്ടേറ്റ വിഷ്ണു ചികിത്സയിലാണ്.

പ്രതികൾ പൂങ്കുളത്തുവച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ആദ്യം ആക്രമിച്ചത്. ഇതിലാണ് എസ്.സി.പി.ഒ വിനയകുമാറിന് പരിക്കേറ്റത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന സി.പി.ഒ റെജിൻ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കൂടുതൽ പൊലീസെത്തി ഇയാളെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴായിരുന്നു രാകേഷിന് നേരെ ആക്രമണമുണ്ടായത്. രാകേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് പൊലീസ് പറഞ്ഞു. അനന്തു തിരുവല്ലം സ്‌റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും യദുവിനെതിരെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL