
24 ഫോണുകൾ പിടിച്ചെടുത്തു
കൊച്ചി: മോഷ്ടിക്കുന്ന മൊബൈൽ ഫോണുകളുട സുരക്ഷാ ലോക്ക് ചൈനീസ് ആപ്പുകളുടെ സഹായത്തോടെ തുറന്നു കൊടുക്കുന്ന മൊബൈൽ കടയുടമയെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനുകൾ, പ്ലാറ്റ്ഫോമുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നു കവർന്ന 24 മൊബൈൽ ഫോണുകൾ കടയിൽ നിന്നു പിടിച്ചെടുത്തു.
പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ കടയുടമ പെരുമ്പാവൂർ തടിയിട്ടപ്പറമ്പ് വാഴക്കുളം എഴിപ്പുറം മാറമ്പള്ളി തീനാട്ട് വീട്ടിൽ മുഹമ്മദ് കബീറിറാണ് (36) പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിൽ നിന്ന് ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിൽ താമസിക്കുന്ന സനൂജ് ദാസിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. എറണാകുളം കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിന് സമീപം ട്രെയിൻ പതുക്കെ നീങ്ങുന്നതിനിടെയായിരുന്നു മോഷ്ടാവ് ഫോണുമായി കടന്നത്.
മൊബൈലിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പ്രിൻസിപ്പൽ എസ്.ഐ എ. നിസാറുദ്ദീനും സംഘവും കടയിൽ പരിശോധന നടത്തിയതും 24 ഫോണുകൾ പിടിച്ചെടുത്തതും. കവർന്ന ഫോണും കൂട്ടത്തിലുണ്ടായിരുന്നു. 24 ഫോണുകളും നൽകിയത് അന്യസംസ്ഥാന തൊഴിലാളിയായ ഒരാൾ തന്നെയാണെന്ന് കടയുടമ സ്ഥിരീകരിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. റെയിൽവേ ഡി.വൈ.എസ്.പി ജോർജ് ജോസഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
യു.പിയിൽ നിന്ന്
200 രൂപയ്ക്ക് ആപ്പ് !
മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ സഹായിക്കുന്ന ചൈനീസ് ആപ്പ് വാങ്ങുന്നത് വെറും 200 രൂപയ്ക്ക്. ഉത്തർപ്രദേശ് സ്വദേശിയാണ് ആപ്പ് അയച്ചു കൊടുക്കുന്നത്. ഈ ആപ്പ് ഗൂഗിൾ പ്ലേയിൽ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ഓരോ മൊബൈലിനും കമ്പനിയും മോഡലിനും അനുസൃതമായി പ്രത്യേകം ആപ്പുകൾ ഉപയോഗിക്കും. ഫോണുമായി മോഷ്ടാവ് എത്തുമ്പോൾ കടയുടമ യു.പിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പണം അയച്ചുകൊടുക്കും. തുടർന്ന് യു.പിക്കാരൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലിങ്ക് അയക്കുകയാണ് പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |