SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

ഭീഷണി ഉയർത്തി പാഴ് മരങ്ങൾ

2222

നെയ്യാറ്റിൻകര: ടൗണിലും പരിസര പ്രദേശങ്ങളിലും റോഡരികിലും പൊതുസ്ഥലങ്ങളിലും അപകടകരമായി നിൽക്കുന്ന പാഴ് മരങ്ങളും ഉണങ്ങിയ മരങ്ങളും നാട്ടുകാർക്കും യാത്രക്കാർക്കും സുരക്ഷാഭീഷണി ഉയർത്തുന്നതായി പരാതി.നെയ്യാറ്റിൻകര കോടതി സമുച്ചയത്തിലാണ് കൂടുതലും പാഴ് മരങ്ങൾ വളർന്ന് നിൽക്കുന്നത്. കോടതിയുടെ പ്രധാന മതിലിൽ വർഷങ്ങൾ പഴക്കമുള്ള ആൽമരം വളർന്ന് ഏതുനേരവും റോഡിലേക്ക് വീഴാനുള്ള പരുവത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി കോടതിയുടെ കൂറ്റൻ കരിങ്കൽ മതിൽ പൊട്ടിത്തുടങ്ങി. കാലവർഷ സമയങ്ങളിൽ ഇവ കടപുഴകി വീണ് വലിയ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു.

കോടതിയിൽ വ്യവഹാരത്തിനെത്തുന്ന അഭിഭാഷകരുടേയും കക്ഷികളുടേയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഈ റോഡിനരുകിലാണ്. മരം വീണാൽ നിരവധി വാഹനങ്ങൾ തകരും.

അടിയന്തരമായി കോടതി പരിസരത്തെ പാഴ് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പരിഹാരം അകലെ

നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകര നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായില്ല. കോടതി സമുച്ചയത്തിന്റെ അധികാര ചുമതലയുള്ള എം.എ.സി.ടി ജഡ്ജിന് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. വില്ലേജ് ഓഫീസിലെ ദുരന്തനിവാരണ അതോറിട്ടിക്കും താലൂക്ക് ദുരന്തനിവാരണ വിഭാഗത്തിനും ഇതിനകം ഒന്നിൽ കൂടുതൽ പരാതി നൽകിക്കഴിഞ്ഞു.

റോഡിലേക്കെത്തി ചില്ലകൾ

മരങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയായാൽ വെട്ടിമാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെങ്കിലും അവർ ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തിടെ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരെത്തി ചില കൊമ്പുകൾ വെട്ടിമാറ്റിയെങ്കിലും വലിയ ശാഖകൾ ഇപ്പോഴും വളർന്ന് റോഡിലേക്ക് ഇറങ്ങി നിൽക്കുകയാണ്.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകൾക്കും ആവശ്യമായ ശുദ്ധജലം വിതരണം ചെയ്യുന്ന കൂറ്റൻ പൈപ്പ് ലൈനുകൾ ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. മരം കടപുഴകി വീണാൽ ശുദ്ധജല വിതരണം സ്തംഭിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL