തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന് നാലാം സായുധ ബറ്റാലിയൻ കമാൻഡന്റ് യു.പ്രേമൻ നേതൃത്വം വഹിക്കും. തുടരന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ച് ഡി.ജി.പി ഉത്തരവിറക്കുകയായിരുന്നു. കണ്ണൂർ സിറ്റി അസി.കമ്മിഷണർ എ.പി.ആസാദ് എസ്.ഐ.ടിയെ സഹായിക്കും. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസാണിത്. റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം 5 കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധ സംഭവങ്ങളിൽ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ എം.എൽ.എ ടി.ഒ.മോഹനൻ പരാതി നൽകിയിരുന്നു. പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നുമുള്ള ഗൺമാന്റെ മൊഴിയിലായിരുന്നു കേസെടുത്തത്. മാസങ്ങൾക്ക് ശേഷം റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് വീണാ ജോർജ്ജ് വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |