തൃശൂർ: പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും സംസ്ഥാനത്തെ പ്രമുഖരും പ്രചാരണത്തിനെത്തുന്നതോടെ ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊട്ടിക്കയറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നതോടെ എൻ.ഡി.എ ക്യാമ്പും, മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടെ ഇടതുമുന്നണിയും ആവേശക്കൊടുമുടിയിലേക്കെത്തും. പ്രധാനമന്ത്രി മാർച്ച് 29ന് വൈകിട്ട് 4നാണ് നഗരത്തിലെത്തുന്നത്. സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ ബിനി ജംഗ്ഷൻ വരെ ഒരു കിലോമീറ്ററിലേറെ ദൂരം റോഡ് ഷോയിൽ പങ്കെടുക്കും. പാലക്കാട്ടെ പ്രചാരണ പരിപാടികൾക്ക് ശേഷമാണ് തൃശൂരിലെത്തുക. പാലക്കാട് നിന്ന് ഹെലികോ്ര്രപറിൽ കുട്ടനെല്ലൂരിലെ സി.അച്യുതമേനോൻ ഗവ. കോളേജ് ഹെലിപ്പാഡിലിറങ്ങും. റോഡ് മാർഗം നഗരത്തിലെത്തും. തൃശൂരിൽ പൊതുസമ്മേളനമില്ല. എൻ.ഡി.എ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), കെ.കെ.അനീഷ്‌കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെയും പ്രചാരണത്തിനെത്തും.
മുഖ്യമന്ത്രി, എം.എ.ബേബി, വൃന്ദാകാരാട്ട്...
മുഖ്യമന്ത്രി പിണറായി വിജയൻ 27ന് പര്യടനം നടത്തും. ഇരിങ്ങാലക്കുട, ഒല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. 31ന് വടക്കാഞ്ചേരിയിലും പുതുക്കാട്ടും വൃന്ദാകാരാട്ടെത്തും. ഏപ്രിൽ രണ്ടിന് വൈകിട്ട് നാലിന് മണലൂരിലും വൈകിട്ട് ആറിന് കുന്നംകുളത്തും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പൊതുയോഗത്തിൽ പങ്കെടുക്കും. അന്ന് തന്നെ ഇരിങ്ങാലക്കുടയിൽ വിജുകൃഷ്ണനും ഏപ്രിൽ അഞ്ചിന് എ. വിജയരാഘവനും പ്രചാരണത്തിനെത്തും.
കെ.സി, കൊടിക്കുന്നിൽ...
ഇന്ന് മണലൂർ വടക്കാഞ്ചേരി മണ്ഡലങ്ങളിൽ കെ.സി.വേണുഗോപാൽ പ്രചാരണത്തിനെത്തും. കൊടിക്കുന്നിൽ സുരേഷും ഇന്ന് ജില്ലയിലുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ ദേശീയ നേതാക്കളുടെ വൻ നിരയെത്തുന്നതോടെ യു.ഡി.എഫ് ക്യാമ്പും ആവേശം കൊളളും.
തുടക്കം മുതൽക്കേ പ്രചാരണം ശക്തമാക്കാനായി. മുഖ്യമന്ത്രി കൂടി ജില്ലയിലെത്തുന്നതോടെ പ്രചാരണപ്രവർത്തനങ്ങൾക്ക് വലിയ ആവേശമുണ്ടാകും.
കെ.വി.അബ്ദുൾഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി.
പ്രചാരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രചാരണവഴികളിലേക്ക് കൂടുതൽ നേതാക്കളെത്തുന്നതോടെ ആവേശം ഇരട്ടിക്കും.ജോസഫ് ടാജറ്റ്, ഡി.സി.സി. പ്രസിഡന്റ്
പ്രധാനമന്ത്രിയെത്തുന്നതോടെ വലിയ ആവേശം പ്രവർത്തകരിലുണ്ടാകും. റോഡ് ഷോയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.ജസ്റ്റിൻ ജേക്കബ്, സിറ്റി ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |