
വടക്കാഞ്ചേരി: കെ.കരുണാകരൻ സ്മാരക ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് വീണ്ടും യാത്രാവകാശ നിഷേധം. നേരത്തെ വടക്കാഞ്ചേരി -കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് വിദ്യാർത്ഥികളോട് ക്രൂരത കാണിച്ചതെങ്കിൽ ഇത്തവണ ഷൊർണൂർ- തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകാരുടേതാണ് ക്രൂരത. രാവിലെ 7.30 മുതൽ 8.20 വരെയുള്ള സമയങ്ങളിൽ ബസിന്റെ പിൻവാതിൽ പൂർണമായും അടച്ചിട്ട്, മുൻവാതിലിലൂടെ മുതിർന്ന യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. വിദ്യാർത്ഥികളെ ഉന്തിയും തള്ളിയും പുറത്താക്കുന്നതും ബസിൽ കയറാൻ അനുവദിക്കാത്തതും ഇവിടെ പതിവു കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം യാത്രാസൗകര്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് 11 വിദ്യാർത്ഥികൾക്ക് അധ്യയനം നഷ്ടപ്പെട്ടിരുന്നു. ബസുകളിൽ കയറാൻ കഴിയാതെ ദുരിതത്തിലായതോടെ വിദ്യാർത്ഥികളും, രക്ഷിതാക്കളും വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥികളെ കയറ്റാതെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. സ്‌കൂൾ സമയങ്ങളിൽ പൊലീസും , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് സ്റ്റാൻഡിൽ സംയുക്ത പരിശോധന നടത്തി.
മുൻപും നടപടി; മാറാതെ മനോഭാവം
കഴിഞ്ഞ മാസം 17ന് വടക്കാഞ്ചേരി ക്ലേലിയ ബാർബിയേറി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ട് കുട്ടികളെ 'മെജോമോൻ' എന്ന ബസിൽ കയറ്റാതെ യാചിക്കേണ്ടി വന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ യാത്ര നിഷേധിച്ച കണ്ടക്ടർ മംഗലം സ്വദേശി മോഹൻ ദാസന്റെ (52) ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ഇയാളെ നിർബന്ധിത പരിശീലനത്തിന് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികൾക്ക് ശേഷവും സ്റ്റാൻഡിലെ സ്ഥിതിക്ക് മാറ്റമൊന്നുമില്ലെന്നാണ് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പരാതി. രാവിലെയും വൈകീട്ട് 4 മുതൽ 6 വരെയുള്ള സമയങ്ങളിലും വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയും വെയിലുമേറ്റ് നിറുത്തുന്ന രീതി തുടരുകയാണ്. ബസ് പുറപ്പെടുന്ന സമയത്ത് പരമാവധി നാല് വിദ്യാർത്ഥികളെ മാത്രം കയറ്റി ബാക്കിയുള്ളവരെ തള്ളിപ്പുറത്താക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
'നിയമലംഘനം നടത്തുന്ന ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.'
ഷീബ, സെന്തിൽ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ)
സ്‌കൂളുകളിലും തിരിച്ച് വീട്ടിലുമെത്താൻ വിദ്യാർത്ഥികൾക്ക് ദുരിതമേറെ സഹിക്കണം. തങ്ങൾക്കും മക്കളുണ്ടെന്ന ചിന്ത ഒരു വിഭാഗം ബസ് ജീവനക്കാർക്ക് ഉണ്ടായാൽ പ്രശ്‌നം തീരും.
പരാതികളിൽ നടപടിയുണ്ടാകുമെന്നത് ആശ്വാസകരമാണ്.ടി.കെ.സനീഷ്
( രക്ഷിതാവ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |