SignIn
Kerala Kaumudi Online
Thursday, 23 July 2026 4.11 AM IST

ജില്ലാ ആശുപത്രി ലാബിൽ കാലപ്പഴക്കമുള്ള യന്ത്രങ്ങൾ: പരിശോധന 'ഭാഗ്യപരീക്ഷണം'

photo
1

വടക്കാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാലപ്പഴക്കം ചെന്ന പരിശോധനാ യന്ത്രങ്ങളും മൂലം ജില്ലാ ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. പ്രതിദിനം 1300 ലധികം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. ഇതിൽ ഭൂരിഭാഗവും നിർദ്ധന രോഗികളാണ്.
ലാബിലെ ബയോകെമിസ്ട്രി മെഷീൻ നിരന്തരം തകരാറിലാകുന്നത് പരിശോധനകളെ സാരമായി ബാധിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിന്റെ പ്രവർത്തനമാണ് ഇതോടെ താളംതെറ്റുന്നത്. 2016ൽ വാങ്ങിയ, വിപണിയിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന മെഷീൻ അടിക്കടി കേടാകുന്നതോടെ, പാവപ്പെട്ട രോഗികൾ ഉയർന്ന തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. ലാബ് വഴി ആശുപത്രി വികസന സമിതിക്ക് പ്രതിമാസം രണ്ടു ലക്ഷത്തോളം രൂപ ലാഭം ലഭിക്കുന്നുണ്ടെങ്കിലും യന്ത്രങ്ങൾ മാറ്റിസ്ഥാപിക്കാൻ നടപടിയില്ല. തകരാറിലായ മെഷീൻ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ലാബ് ജീവനക്കാർ സൂപ്രണ്ടിന് കത്ത് നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

തകരാറിലായി ലാബ് പ്രവർത്തനം

  • ദിവസേനയുള്ള ടെസ്റ്റുകൾ: 3000 ഓളം
  • മെഷീനുകളുടെ പഴക്കം: ഭൂരിഭാഗത്തിനും 10 വർഷത്തിലേറെ
  • ഉപയോഗ കാലാവധി: കൃത്യതയാർന്ന പരിശോധനാ ഫലങ്ങൾ ലഭിക്കാൻ യന്ത്രങ്ങൾ പരമാവധി 5 വർഷം മാത്രമാണ് ഉപയോഗിക്കേണ്ടത്.

തടസ്സമായി 'കണ്ടം ചെയ്യൽ' സർട്ടിഫിക്കറ്റ്


തകരാറിലായ യന്ത്രങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളും വില്ലനാകുന്നു. ആരോഗ്യ മേഖലയിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കരാറെടുത്തിരിക്കുന്നത് 'സയറിക്‌സ്'എന്ന കമ്പനിയാണ്. നിലവിലെ മെഷീൻ ഇനി ഉപയോഗപ്രദമല്ലെന്ന് കമ്പനി സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അത് ഉപേക്ഷിക്കാൻ കഴിയു. കമ്പനിയിൽ നിന്ന് ഈ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പുതിയ യന്ത്രം വാങ്ങുന്നതിലെ പ്രധാന തടസ്സം.


ഇടതടവില്ലാത്ത പ്രവർത്തനം; വലഞ്ഞ് അധികൃതർ

24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിക്കുന്നത് മൂലമാണ് മെഷീൻ തകരാറിലാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. താത്കാലിക പരിഹാരമായി മറ്റ് ആശുപത്രികളിൽ നിന്ന് യന്ത്രങ്ങൾ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുതിയ മെഷീനായി ആരോഗ്യവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി മാത്രമേ പുതിയ മെഷീനുകൾ വാങ്ങാൻ അനുമതിയുള്ളൂ എന്നും എച്ച്.ഡി. എസ് ഫണ്ട് ഉപയോഗിച്ച് വാങ്ങാനാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ കമ്പനി തങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പുതിയ യന്ത്രം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇതിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും അധികൃതരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL