തൃശൂർ: ഓണാഘോഷത്തിന് നിറപ്പകിട്ടേകി തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ ഊരു ചുറ്റി കുമ്മാട്ടിക്കൂട്ടങ്ങൾ. കുമ്മാട്ടിക്കളിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കിഴക്കുംപാട്ടുകരയിൽ തിരുവോണദിനം മുതൽ കുമ്മാട്ടികളിറങ്ങി. കുമ്മാട്ടിപ്പാട്ടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നാട്ടുവഴികളിലൂടെ നീങ്ങിയ സംഘങ്ങൾ ആദ്യദിനം ഓണാഘോഷത്തിന് ആവേശം പകർന്നു. ഇന്നലെ തെക്കുംമുറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കുമ്മാട്ടികളി. നഗരത്തിന് ആവേശം പകർന്ന് നായ്ക്കനാലിലും കുമ്മാട്ടി കൂട്ടങ്ങൾ ഇറങ്ങി. വാഴച്ചാമ്പില മുതൽ പർപ്പടകപ്പുല്ല് വരെ ദേഹത്ത് കെട്ടിയണിഞ്ഞാണ് കുമ്മാട്ടികൾ എത്തുന്നത്. 'തള്ള' മുഖമാണ് കുമ്മാട്ടിക്കളിയിലെ പ്രധാന വേഷം. തള്ള (മുത്തശ്ശി), കിരാതമൂർത്തി (കാട്ടാളൻ), ഹനുമാൻ എന്നിവയ്ക്ക് പുറമേ പാർവതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ തുടങ്ങി തെയ്യം കലാരൂപങ്ങൾ വരെയും കാണികളെ ആകർഷിച്ചു. കിഴക്കുംപാട്ടുകര, നെല്ലങ്കര, മുക്കാട്ടുകര, നെട്ടിശ്ശേരി, ഒല്ലൂക്കര, നടത്തറ, മൂർക്കനിക്കര, ചിറക്കോട്, നടവിലാൽ, അയ്യന്തോൾ, പുതൂർക്കര, എടക്കുന്നി, ചേലക്കോട്ടുകര, കീരംകുളങ്ങര, ചേറൂർ, ഊരകം എന്നിവിങ്ങളിലെല്ലാം ഓണനാളുകളിൽ കുമ്മാട്ടിക്കളി അരങ്ങേറും.
വടക്കുംമുറിയിൽ ഇന്ന്
വടക്കുംമുറി കുമ്മാട്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. പനേമുക്കുംപിള്ളി ക്ഷേത്രത്തിൽനിന്ന് വടക്കുംമുറി കുമ്മാട്ടിക്കളി സംഘത്തിന്റെ നേതൃത്വത്തിൽ പൗരാണിക വേഷമണിഞ്ഞ അമ്പതോളം കുമ്മാട്ടികൾ ഊരുചുറ്റാനിറങ്ങും. തമ്പോല, രണ്ട് നാദസ്വരം, ചെട്ടിവാദ്യം, ബാൻഡ്, വീരനാട്യം, തെയ്യം എന്നിവയുടെ അകമ്പടിയുണ്ടാകും.
78ാം വർഷമാണ് വടക്കുംമുറി കുമ്മാട്ടി അരങ്ങേറുന്നത്. ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുമ്മാട്ടി എസ്.എൻ.എ. ഔഷധശാലയ്ക്ക് സമീപമുള്ള വേട്ടേക്കരൻ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂർത്തിയാക്കി മടങ്ങും. രാത്രി പത്തോടെയാണ് കുമ്മാട്ടിമൂലയിൽ സമാപനം. പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, സെക്രട്ടറി സന്തോഷ്, അനിൽ അറ്റാശേരി, സുധീർ, പി.എം. മോഹനൻ, സുബിഷ്, ജി.ബി. കിരൺ, സുശീർ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |