
തിരുവനന്തപുരം: പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിമാരെ നേരിൽക്കണ്ട് സംസ്ഥാനവിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി. ഇന്നലെ രാത്രി വൈകിയാണ് കേരളഹൗസിലെത്തിയത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ട 1,079 കോടിയുടെ കുടിശിക നേടിയെടുക്കാനും വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് വികസനമടക്കമുള്ള പദ്ധതികളെക്കുറിച്ച് ആശയവിനിമയം നടത്താനും സാദ്ധ്യതയുണ്ട്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന്റെ ബുദ്ധിമുട്ടും ശ്രദ്ധയിൽ കൊണ്ടുവരും.
അതേസമയം, എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി , ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിയേക്കും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഇക്കാര്യത്തിൽ അനൗദ്യോഗിക ആശയവിനിമയം നടത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റിനെയാവും ആദ്യം നിശ്ചയിക്കുക. പിന്നീടാകും ഡി.സി.സി പുനഃസംഘടന. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ഡൽഹിക്ക് എത്തിയേക്കില്ല. പകരം വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഇന്നെത്തിയേക്കും. മറ്റൊരു വർക്കിംഗ് പ്രസിഡന്റ് ഷാഫിപറമ്പിൽ ഡൽഹിയിലുണ്ട്. പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും ഡൽഹിക്ക് വിളിപ്പിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |