SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

സി.ജെ.പി പോരാട്ടം : പുത്തൻ ഉണർവിൽ സുപ്രീം കോടതിയും, പൊലീസ് നടപടിക്കെതിരേയുള്ള ഹർജി കേൾക്കും

READ ENGLISH VERSION
parliament
പ്രതിപക്ഷ പ്രതിഷേധം


പരീക്ഷ ക്രമക്കേട് തടയൽ ബിൽ ചർച്ച ഇന്ന്
ഉറപ്പുകളുടെ കൈമാറ്റം കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ

ന്യൂഡൽഹി: പാറ്റകളുടെ സമരം ഇന്ത്യയുടെ ജനാധിപത്യ മനസിൽ സൃഷ്ടിച്ച ഉണർവിന്റെ തുടർച്ചയ്ക്ക് ഡൽഹി ഇന്ന് സാക്ഷ്യം വഹിക്കും. കേൾക്കാൻ സമയമില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇന്ന് പൊലീസ് നടപടിക്കെതിരേയുള്ള പൊതുതാത്പര്യ ഹർജി കേൾക്കും.ചോദ്യപേപ്പർ ചോർച്ചയിൽ കൈപൊള്ളിയ സർക്കാർ ലോക്‌സഭയിൽ പൊതുപരീക്ഷ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിൽ ഇന്ന് 10 മണിക്കൂ‌ർ ചർച്ച നടത്തും.

ജന്തർ മന്ദർ സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ ഇന്ന് രേഖാമൂലം സി.ജെ.പി വ്യക്താക്കൾക്ക് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽവച്ച് കൈമാറി​യേക്കും. ജൂലായ് 20ന് വർഷകാല സമ്മേളനം ആരംഭിച്ചശേഷം ആറാം ദിനമായ ഇന്നലെയും പാർലമെന്റ് സ്‌തംഭിച്ചു. ഡൽഹിയിൽ സമരക്കാർക്കുനേരെ പെല്ലറ്റ് ഗണ്ണും,ബീഹാറിൽ എ.കെ 47 തോക്കും ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബഹളത്തിനിടെ ലോക്‌സഭയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആറു പേജുള്ള ഭേദഗതി ബിൽ അവതരിപ്പിക്കുകയായിരുന്നു. പലതവണ സഭ ചേ‌ർന്നെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ലോക്‌സഭ സ്‌പീക്കർ ഓം ബിർള ഭരണ-പ്രതിപക്ഷ പാ‌ർട്ടികളിലെ സഭാകക്ഷി നേതാക്കളുമായി ചർച്ച നടത്തി സമവായമുണ്ടാക്കുകയായിരുന്നു. ഏകകണ്ഠമായി ബിൽ പാസാക്കിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

പ്രതിഷേധിച്ചാൽ ലാത്തിച്ചാർജോ?​

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും,​സമരം ചെയ്യുന്നവരെ ലാത്തിച്ചാർജ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും നിലപാടെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സമരം ചെയ്യുന്നുവെന്ന് പറഞ്ഞ് ലാത്തിച്ചാ‌ർജ് നടത്താനാകില്ല. ഒരു വിഷയം ഉന്നയിച്ച് പ്രതിഷേധിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ,അതിനുള്ള അവകാശം അവർക്കുണ്ട്. പൊലീസ് നടപടി സംബന്ധിച്ച ഹർജികളിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വാദം കേൾക്കും. പൊലീസുകാർക്കുനേരെയും ആക്രമണമുണ്ടായി എന്ന ഹർജിയും പരിഗണിക്കും.

ഉറപ്പ് പാലിച്ചില്ലെങ്കിൽ

വീണ്ടും തെരുവിൽ

സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും,ഭാവിയിൽ കേസെടുക്കില്ല,നീറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥകളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം എന്നീ ഉറപ്പുകൾ രേഖാമൂലം ഇന്നു കൈമാറുമെന്നാണ് കേന്ദസ‌ർക്കാരും കോക്രോച്ച് ജനത പാ‌ർട്ടിയും തമ്മിലുള്ള ധാരണ. നടപടിയുണ്ടാകില്ലെന്ന് ഉറപ്പു നൽകിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങളിൽ കേസെടുക്കുകയാണെന്ന് സി.ജെ.പി ഇന്നലെ പ്രതികരിച്ചു. ഉടനടി കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി. ബീഹാറിൽ സമരക്കാർക്കു നേരെ എ.കെ 47 തോക്ക് ഉപയോഗിച്ച് വെടിവച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. ഡൽഹിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ആർ.എ.എഫ് ഉദ്യോഗസ്ഥനാണെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360