SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

എഥനോൾ പെട്രോൾ: സമരകാഹളം മുഴക്കി ഇ20 ജനതാ പാർട്ടി

f

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ സമരം വിജയിച്ചതോടെ ഇന്ധന നയത്തിനെതിരേ 'ഇ-20 ജനതാപാർട്ടി'യുടെ ഓൺലൈൻ പ്രചാരണത്തിന് പിന്തുണയേറുന്നു. '100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഒരോ പൗരന്റെയും അവകാശത്തിനായി ഞങ്ങൾ പോരാടുന്നു' എന്ന ടാഗ്‌ലൈനിലാണ് 'ഇ-20 ജനതാ പാർട്ടി' സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്.

20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേയാണിത്. പൗരന് സ്വന്തം വാഹനത്തിൽ ഉപയോഗിക്കേണ്ട ഇന്ധനം സ്വയം തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രചാരണം. 'ധർമേന്ദ്ര പ്രധാൻ കഴിഞ്ഞു... ഇനി നിതിൻ ഗഡ്കരി' എന്ന മുദ്രാവാക്യവും ഉയർത്തുന്നു.

കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിൽ പേജുകൾ പ്രത്യക്ഷപ്പെട്ടത്. 48 മണിക്കൂറിനുള്ള ഇൻസ്റ്റയിൽ 3,39,000 പേരും എക്സിൽ 53,000 പേരും ഇ.ജെ.പിയെ ഫോളോ ചെയ്തു. സമരത്തിന്റെ ആദ്യപടിയെന്നോണം ആഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ രാജ്യത്തെ ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് ഇ.ജെ.പി ആഹ്വാനം ചെയ്തു.

പിന്തുണയുമായി ആം ആദ്മി

നീറ്റ് വിഷയത്തിൽ സി.ജെ.പിക്ക് തുടക്കത്തിൽ ലഭിക്കാതെ പോയ രാഷ്ട്രീയ പിന്തുണ പക്ഷേ ഇ.ജെ.പിക്ക് ലഭിച്ചു. ഇ-20 പെട്രോളിനെതിരേ ഇ.ജെ.പിക്കൊപ്പം അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്ത് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ രംഗത്തു വന്നു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ആഗസ്റ്റ് ഒന്നിന് രാവിലെ 11.30ന് ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധ പരിപാടിയിലേക്ക് യുവാക്കളെയും ഇ.ജെ.പിയെയും കേജ്‌രിവാൾ ക്ഷണിച്ചു.

കോടതിയെ സമീപിച്ച് ഗഡ്കരി

തനിക്കും ഇ-20 പെട്രോളിനുമെതിരേ സമൂഹമാദ്ധ്യമങ്ങളിൽ അടിസ്ഥാനരഹിത ആരോപണങ്ങൾ നടത്തുന്നുവെന്ന് കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഡീപ് ഫെയ്ക്ക് ചിത്രങ്ങളും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിച്ച പോസ്റ്റുകൾ തന്നെയും കൂടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ഗഡ്കരി ഹർജിയിൽ പറഞ്ഞു. വിഷയത്തിൽ മെറ്റയ്ക്കും ഗൂഗിളിനും എക്സിനുമെതിരേ നിയമനടപടി സ്വീകരിക്കാൻ കോടതി അനുമതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E20 JANATA PARTY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360